കെ സുരേന്ദ്രന് ബിജെപി ദേശീയ ഭാരവാഹിയായേക്കും; ജനറൽ സെക്രട്ടറി പദവിക്ക് സാധ്യത

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ദേശീയ ഭാരവാഹിയാകും. ദക്ഷിണേന്ത്യയില്‍ നിന്നുള്ള ജനറല്‍ സെക്രട്ടറിയാവാനാണ് സാധ്യതയെന്നാണ് വിവരം. സ്ഥാനമൊഴിഞ്ഞ അധ്യക്ഷനെന്ന പരിഗണനയാവും ലഭിക്കുക. അനില്‍ ആന്റണിയും അബ്ദുള്ളക്കുട്ടിയും നിലവില്‍ ദേശീയ ഭാരവാഹികളാണ്.
അതേസമയം, കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സുരേഷ് ഗോപി രംഗത്തെത്തിയിട്ടുണ്ട്. ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുള്ള നേതാക്കളെ നിലപാടറിയിച്ചു. കേന്ദ്ര മന്ത്രിസഭാ പുന:സംഘടന നടക്കാനിരിക്കെയാണ് മാറ്റം ആവശ്യപ്പെട്ടത്. മന്ത്രിയായ ശേഷം സിനിമ ചെയ്യാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. ഈ മാസം പകുതിയോടെ മന്ത്രിസഭാ പുന:സംഘടന ഉണ്ടാകുമെന്നാണ് വിവരം.
2029 ലെ ലോക്സഭ തെരഞ്ഞെടുപ്പ്, അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ എന്നിവ ലക്ഷ്യം വെച്ചുള്ള മന്ത്രിസഭാ പുനഃസംഘടനയ്ക്കാണ് ബിജെപി ഒരുങ്ങുന്നത്. കേന്ദ്ര മന്ത്രിസഭയില്‍ ഏറ്റവും അധികം ആരോപണം നേരിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ മാറ്റുമോ എന്നാണ് ആകാംക്ഷ. പ്രതിപക്ഷ പാര്‍ട്ടികളും സിജെപി അടക്കമുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും മന്ത്രിയുടെ രാജിക്കായി മുറവിളി ശക്തമാക്കുന്ന സമയം കൂടിയാണ്. 10 മുതല്‍ 12 വരെ വകുപ്പുകളില്‍ അഴിച്ചുപണിക്ക് സാധ്യതയാണ് കാണുന്നത്. റെയില്‍വേ, ധനം അടക്കം പ്രധാന വകുപ്പുകളില്‍ അഴിച്ചു പണിക്ക് സാധ്യത പറയുന്നു.
രാജ്യസഭ കാലാവധി പൂര്‍ത്തിയാക്കുന്ന ജോര്‍ജ് കുര്യന് മാറിയാല്‍, പകരം സി സദാനന്ദന് മാസ്റ്റര്‍, അനില്‍ ആന്റണി, കെ സുരേന്ദ്രന് എന്നിവരില്‍ നിന്ന് ആരെങ്കിലും മന്ത്രിയാകും. ബിജെപി സംസ്ഥാന അധ്യക്ഷന്മാരായി നിയമിതനായ പങ്കജ് ചൗധരി, ഹര്‍ഷ് മല്‍ഹോത്ര എന്നിവര്‍ സഹമന്ത്രിസ്ഥാനം ഒഴിയും. ജൂണ്‍ 15 ന് ശേഷം പുനഃസംഘടന നടത്താനാണ് നീക്കം. കേന്ദ്ര മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റുന്ന ഒരു നേതാവിന് തെക്കേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതല നല്‍കും. 2028 ല്‍ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയുടെ ചുമതലയാകും നല്‍കുക. ബിജെപിയില്‍ സംഘടന അഴിച്ചുപണിയും തുടരുകയാണ്. കേരളത്തിന്റെ പ്രഭാരി സ്ഥാനത്ത് നിന്ന് പ്രകാശ് ജാവദേക്കര്‍ മാറിയേക്കും.











































































































