സെൻസസ്: സെല്‍ഫ് എന്യുമറേഷന് നടത്താം

സെന്‍സസ് -2027ന്റെ ആദ്യഘട്ടമായ സെല്‍ഫ് എന്യുമറേഷന് ജൂണ്‍ 16ന് ആരംഭിക്കും. സെന്‍സസില്‍ നല്‍കേണ്ട വിവരങ്ങള്‍ കുടുംബങ്ങള്‍ സ്വന്തമായി നേരിട്ട് ഓണ്‍ലൈനില്‍ രേഖപ്പെടുത്തുന്ന നടപടിയാണ് സെല്‍ഫ് എന്യുമറേഷന്. https://se.census.gov.in/ എന്ന പോര്‍ട്ടലില്‍ ജൂണ്‍ 16 മുതല്‍ 30 വരെ ഇതിന് സൗകര്യമുണ്ട്.
സെന്‍സസ് നടപടികള്‍ക്ക് വേഗം കൂട്ടുന്നതിനും എന്യുമറേറ്റര്മാരുടെ ജോലി ലഘൂകരിക്കുന്നതിനും വിവരങ്ങള്‍ കൃത്യമെന്ന് ഉറപ്പാക്കുന്നതിനും സെല്‍ഫ് എന്യുമേറഷന് സഹായകമാകും. വീടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ് സെല്‍ഫ് എന്യൂമറേഷനിലൂടെ നല്കാന് കഴിയുക. 34 ചോദ്യങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഇംഗ്ലീഷിലും 15 ഇന്ത്യന്‍ ഭാഷകളിലും വിവരങ്ങള്‍ രേഖപ്പെടുത്താനാകും.
സെൽഫ് എന്യുമറേഷൻ എങ്ങനെ?
പോർട്ടൽ ആക്സസ്സും ലോഗിനും
https://se.census.gov.in സന്ദർശിക്കുക, സംസ്ഥാനം/കേന്ദ്രഭരണ പ്രദേശം തിരഞ്ഞെടുക്കുക, ക്യാപ്ച നൽകുക.
കുടുംബ രജിസ്ട്രേഷൻ
കുടുംബനാഥന്റെ/നാഥയുടെ പേര്, 10 അക്ക മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി (നിർബന്ധമല്ല) എന്നിവ നൽകുക. കുടുംബനാഥന്റെ/നാഥയുടെ പേര് പിന്നീട് മാറ്റാൻ കഴിയില്ല. ഒരു കുടുംബത്തിന് ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു; ഒരിക്കൽ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, അതേ നമ്പർ മറ്റ് കുടുംബങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ല.
ഭാഷയും ഒടിപി (OTP) പരിശോധനയും
ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കുക, കൂടാതെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയച്ച ഒ.ടി.പി നൽകുക.
തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാൻ കഴിയുകയില്ല.
ലൊക്കേഷൻ വിവരങ്ങൾ നൽകുക
ജില്ല തിരഞ്ഞെടുക്കുക, കൂടാതെ പിൻ, വില്ലേജ്/ടൗൺ/സ്ഥലം എന്നിവ നൽകുക. നിങ്ങളുടെ താമസസ്ഥലം മാപ്പിൽ കണ്ടെത്തുക. കൃത്യമായ താമസ സ്ഥലം തിരിച്ചറിയുന്നതിനും ലൊക്കേഷൻ സ്ഥിരീകരിക്കുന്നതിനുമായി മാപ്പിലെ ചുവന്ന അടയാളം ചലിപ്പിക്കുക.
ചോദ്യാവലി പൂർത്തീകരിക്കുക
ടൂൾടിപ്പുകൾ, പതിവു ചോദ്യങ്ങൾ, ‘അത്യാവശ്യ വിവരങ്ങൾ’ എന്നിവയുടെ സഹായത്തോടെ വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസിനുമുള്ള ചോദ്യാവലി പൂരിപ്പിക്കുക.
പ്രിവ്യൂവും പരിശോധനയും
പരിശോധിക്കാൻ നൽകിയിട്ടുള്ള യിട്ടുള്ള എല്ലാ വിവരങ്ങളും പരിശോധിക്കാൻ പ്രിവ്യൂ സ്ക്രീൻ ഉപയോഗിക്കുക; എൻട്രികളിൽ മാറ്റം വരുത്താനോ, പിന്നീട് സമർപ്പിക്കുന്നതിനായി ഡ്രാഫ്റ്റ് ആയി സേവ് ചെയ്യുവാനോ അല്ലെങ്കിൽ ഫൈനൽ ആയി സബ്മിറ്റ് ചെയ്യുവാനോ സാധിക്കുന്നതാണ്.
അവസാന സമർപ്പണം
വിവരങ്ങൾ സമർപ്പിക്കുന്നതിന് “അന്തിമ സമർപ്പണം” ക്ലിക്ക് ചെയ്യുക; അന്തിമ സമർപ്പണത്തിന് ശേഷം മാറ്റങ്ങൾ വരുത്താൻ കഴിയുകയില്ല.
എസ് ഇ ഐഡി സൃഷ്ടിക്കൽ
വിവരങ്ങൾ സമർപ്പിച്ചു കഴിയുമ്പോൾ, “H” എന്ന് തുടങ്ങുന്ന 11 അക്കങ്ങളുള്ള ഒരു പ്രത്യേക എസ് ഇ ഐഡി സൃഷ്ടിക്കപ്പെടുകയും അത് എസ്.എം.എസ്, ഇ-മെയിൽ (നൽകിയിട്ടുണ്ടെങ്കിൽ) എന്നിവ വഴി ലഭിക്കുകയും ചെയ്യും.
എന്യുമറേറ്ററുടെ സന്ദർശനം
എന്യുമറേറ്റർ വീട് സന്ദർശിക്കുമ്പോൾ, എസ് ഇ ഐഡി അവരുമായി പങ്കുവെക്കുക. എസ് ഇ ഐഡി നിലവിലുള്ള ഒരു റെക്കോർഡുമായി പൊരുത്തപ്പെടുന്നുണ്ടെങ്കിൽ, വിവരങ്ങൾ സ്ഥിരീകരിച്ച് സമർപ്പിക്കുന്നു; പൊരുത്തപ്പെടുന്നില്ലെങ്കിൽ, എന്യൂമറേറ്റർ വിവരങ്ങൾ പുതിയതായി ശേഖരിക്കും.
സെല്‍ഫ് എന്യുമറേഷന് നിര്‍ബന്ധമായും ചെയ്യേണ്ടതല്ല. ഒരു ലോഗിനില്‍ തന്നെ ഒരേ വീട്ടിലുള്ള എല്ലാവരുടെയും വിവരങ്ങള്‍ നല്‍കാം. സെല്‍ഫ് എന്യുമറേഷന് ഇടയ്ക്കുവച്ച് നിര്‍ത്തേണ്ടിവന്നാല്‍ സേവ് ചെയ്തശേഷം പിന്നീട് നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനുമാകും. സെല്‍ഫ് എന്യുമറേഷന് നടത്തുമ്പോള്‍ സഹായത്തിന് പോര്‍ട്ടലില്‍ ടൂള്‍ ടിപ്പുകളുമുണ്ടാകും.
സെന്‍സിന്റെ ഭാഗമായി നല്കുന്ന വിവരങ്ങളുടെ രഹസ്യാത്മകത ഉറപ്പാക്കിയിട്ടുണ്ട്. സുരക്ഷിത സെര്‍വറുകളില്‍ എന്‍ക്രിപ്റ്റഡ് ഫോര്‍മാറ്റില്‍ സൂക്ഷിക്കുന്ന ഈ ഡാറ്റ കൈമാറ്റം ചെയ്യുന്നതല്ലെന്ന് രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണറുടെ കാര്യാലയം അറിയിച്ചിട്ടുണ്ട്.
സെന്‍സസ് സെല്‍ഫ് എന്യുമറേഷന്; ചോദ്യങ്ങള്‍
സെന്‍സസ് 2027ന്റെ ഭാഗമായുള്ള സെല്‍ഫ് എന്യുമറേഷനില്‍ ആകെ 34 ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. ചോദ്യങ്ങളുടെ പട്ടിക ചുവടെ.
- വരിനമ്പര്(സെന്‍സസിനു വേണ്ടി തയ്യാറാക്കിയ ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കിലെ വരി)
- കെട്ടിട നമ്പര്‍
- വീട്ടുനമ്പര്‍
- വീടിന്റെ തറ നിര്‍മിക്കാന്‍ ഉപയോഗിച്ച പ്രധാന സാമഗ്രി
- വീടിന്റെ ഭിത്തി നിര്‍മിക്കാന്‍ ഉപയോഗിച്ച പ്രധാന സാമഗ്രി
- വീടിന്റെ മേല്‍്ക്കൂര നിര്‍മിക്കാന്‍ ഉപയോഗിച്ച പ്രധാന സാമഗ്രി
- വീടിന്റെ ഉപയോഗം
- വീടിന്റെ അവസ്ഥ
- കുടുംബത്തിന്റെ നമ്പര്‍
- കുടുംബത്തില്‍ പതിവായി താമസിക്കുന്നവരുടെ ആകെ എണ്ണം
- കുടുംബനാഥന്റെ/നാഥയുടെ പേര്
- ലിംഗഭേദം
- പട്ടികജാതിയോ പട്ടിക വര്‍ഗമോ മറ്റുള്ളവരോ
- വീടിന്റെ ഉടമസ്ഥത
- താമസിക്കുവാനുള്ള മുറികളുടെ എണ്ണം
- കുടുംബത്തില്‍ താമസിക്കുന്ന ദമ്പതികളുടെ എണ്ണം.
- കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്സ്
- കുടിവെള്ള സ്രോതസ്സിന്റെ ലഭ്യത
- വെളിച്ചത്തിന്റെ പ്രധാന സ്രോതസ്
- കക്കൂസിന്റെ ലഭ്യത.
- കക്കൂസിന്റെ തരം
- അഴുക്കുവെള്ള കുഴല്‍ ബന്ധപ്പിച്ചിട്ടുള്ളത്
- പരിസരത്ത് ലഭ്യമായ കുളിക്കുവാനുള്ള സൗകര്യം
- അടുക്കളയുടെയും എല്‍പിജി/പിഎന്‍ജി കണക്ഷന്റെയും ലഭ്യത
- പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം
- റേഡിയോ/ട്രാന്‍സിസ്റ്റര്‍
- ടെലിവിഷന്‍
- ഇന്റര്‍നെറ്റിന്റെ ലഭ്യത
- ലാപ്ടോപ്പ്/ കമ്പ്യൂട്ടര്‍
- ടെലിഫോണ്‍, മൊബൈല്‍ ഫോണ്‍/സ്മാര്‍ട്ട് ഫോണ്‍
- സൈക്കിള്‍, സ്കൂട്ടര്‍/മോട്ടോര്‍ സൈക്കിള്‍/മോപ്പഡ്
- കാര്‍/ജീപ്പ്/വാന്‍
33.കുടുംബത്തില്‍ പ്രധാനമായി ഉപയോഗിക്കുന്ന ധാന്യം - മൊബൈല്‍ നമ്പര്‍.
( ഐ.ഡി.കെ പി.ആർ 3000-6/26)











































































































