എം.ജി സർവകലാശാല ബി.എസ് സി ഫിസിക്സ് പരീക്ഷയിൽ കട്ടപ്പനഗവ. കോളേജിന് രണ്ടാം റാങ്ക്

കട്ടപ്പന: മഹാത്മാഗാന്ധി സർവകലാശാല ബി.എസ് സി ഫിസിക്സ് പരീക്ഷയിൽ കട്ടപ്പന ഗവൺമെന്റ് കോളേജിന് മികച്ച നേട്ടം. കോളേജിലെ ഫിസിക്സ് വിഭാഗം വിദ്യാർത്ഥിനിയായ നിസിയ സാംസൺ സർവകലാശാല തലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി. കട്ടപ്പന കീരൻചിറയിൽ സാംസൺ സെബാസ്റ്റ്യന്റെയും മിനി സെബാസ്റ്റ്യന്റെയും മകളാണ് നിസിയ. സഹോദരി ലിനിയ സാംസൺ ഇതേ കോളേജിലെ തന്നെ കൊമേഴ്സ് വിഭാഗം വിദ്യാർത്ഥിനിയാണ്.തന്റെ ഉന്നത വിജയത്തിന് പിന്നിൽ കലാലയത്തിലെ മികച്ച പഠനാന്തരീക്ഷമാണെന്ന് നിസിയ സാംസൺ പറഞ്ഞു. അധ്യാപകരുടെ മികച്ച പിന്തുണയും അക്കാദമിക നിലവാരം പുലർത്തുന്ന ക്ലാസുകളും ആധുനിക സൌകര്യങ്ങളോടു കൂടിയ ലാബ് ഫെസിലിറ്റിയുമാണ് ഈ നേട്ടത്തിലേക്ക് തന്നെ നയിച്ചതെന്നും നിസിയ കൂട്ടിച്ചേർത്തു.
എം.ജി സർവകലാശാലയ്ക്ക് കീഴിൽ മുൻ വർഷങ്ങളിലും ആർട്സ്, സയൻസ് വിഷയങ്ങളിൽ നിരവധി റാങ്കുകൾ കട്ടപ്പന ഗവൺമെന്റ് കോളേജിന് ലഭിച്ചിട്ടുണ്ട്. റാങ്ക് ജേതാവായ നിസിയ സാംസണെ കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. കണ്ണൻ വി യുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് അനുമോദിച്ചു.











































































































