ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ യുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് സർട്ടിഫിക്കറ്റ് കട്ടപ്പന നഗരസഭയ്ക്ക് ലഭിച്ചു

കട്ടപ്പന മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഭക്ഷ്യ സ്ഥാപനങ്ങളുടെ ശുചിത്വവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും വിലയിരുത്തിയ ശേഷമാണ് അംഗീകാരം ലഭിച്ചത്.
സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ബീന സിബി അധ്യക്ഷത വഹിച്ചു. ഫുഡ് സേഫ്റ്റി ഓഫീസർ സൈജു കെ. രാമനാഥൻ പദ്ധതി വിശദീകരിക്കുകയും സർട്ടിഫിക്കറ്റ് നഗരസഭ പ്രതിനിധികൾക്കും ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അംഗങ്ങൾക്കും കൈമാറുകയും ചെയ്തു.
മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും പരിശോധന നടത്തി കണ്ടെത്തിയ ന്യൂനതകൾ പരിഹരിക്കാൻ നിർദേശങ്ങൾ നൽകുകയും ജീവനക്കാർക്ക് പരിശീലനം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് നിർദേശങ്ങൾ നടപ്പാക്കിയതായി ഉറപ്പുവരുത്തി ഓഡിറ്റിംഗും പൂർത്തിയാക്കി. സ്ഥാപനങ്ങളുടെ ശുചിത്വ നിലവാരവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതും വിലയിരുത്തിയ ശേഷമാണ് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് സർട്ടിഫിക്കറ്റ് അനുവദിച്ചത്.
താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ്, ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് സജീന്ദ്രൻ പൂവാങ്കൽ, എച്ച്. എസ് ജിൻസ് സിറിയക് എന്നിവർ സംസാരിച്ചു.നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രതിനിധികൾ, വിവിധ ഭക്ഷ്യ സ്ഥാപനങ്ങളുടെ ഉടമകളും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.







































































































