Idukki വാര്‍ത്തകള്‍
സെന്‍സസ് 2027: സ്വന്തമായി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ജൂണ്‍ 16 മുതല്‍ അവസരം

രാജ്യത്ത് ആദ്യമായി നടക്കുന്ന ഡിജിറ്റല്‍ സെന്‍സസിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് സ്വന്തമായി വിവരങ്ങള്‍ ഓണ്‍ലൈനായി രേഖപ്പെടുത്താനുള്ള (സെല്‍ഫ് എന്യൂമറേഷന്‍) സൗകര്യം ജൂണ്‍ 16 മുതല്‍ ലഭ്യമാകും. 2026 ജൂണ്‍ 16 മുതല്‍ 30 വരെയാണ് ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്. 2026 ജൂലൈ ഒന്നു മുതല്‍ 31 വരെയാണ് സെന്‍സസ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തുന്നത്. ഇതിന്yu മുന്‍പ് തന്നെ വ്യക്തികള്‍ക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നേരിട്ട് സമര്‍പ്പിക്കാനുള്ള സംവിധാനമാണ് സെല്‍ഫ് എന്യുമറേഷന്‍. ഏകദേശം 15-20 മിനിറ്റിനുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കും.
രജിസ്റ്റര്‍ ചെയ്യേണ്ട വിധം
https://se.census.gov.in എന്ന പോര്‍ട്ടല്‍ സന്ദര്‍ശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക.
- കുടുംബനാഥന്റെ പേരും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റര്‍ ചെയ്യുക.
- ഒരു മൊബൈല്‍ നമ്പര്‍ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
- ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുത്ത് ഒ.ടി.പി. വഴി വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക.
- ഒരിക്കല്‍ തെരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാന്‍ കഴിയില്ല.
- പോര്‍ട്ടലിലെ മാപ്പില്‍ വീടിന്റെ കൃത്യമായ സ്ഥാനം ‘ റെഡ് മാര്‍ക്കര്‍’ ഉപയോഗിച്ച് അടയാളപ്പെടുത്തേണ്ടതുണ്ട്. സെന്‍സസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി വിവരങ്ങള്‍ പരിശോധിച്ച ശേഷം ഫൈനല്‍ സബ്മിറ്റ് നല്‍കുക.
- വിവരങ്ങള്‍ വിജയകരമായി നല്‍കി കഴിഞ്ഞാല്‍ ‘എച്ച്’ എന്ന് തുടങ്ങുന്ന 11 അക്ക സെല്‍ഫ്-ഇന്യൂമറേഷന്‍ ഐഡി (എസ്.ഇ. ഐഡി) ലഭിക്കും.
- സെന്‍സസ് ഉദ്യോഗസ്ഥര്‍ പിന്നീട് വീട് സന്ദര്‍ശിക്കുമ്പോള്‍ ഈ ഐഡി കൈമാറിയാല്‍ മതിയാകും.
- ഇതോടെ വിവരങ്ങള്‍ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും.
- ജൂണ്‍ 30-നകം വിവരങ്ങള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് സെല്‍ഫ്-ഇന്യൂമറേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല.
- അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് ശേഖരിക്കും.
- സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
കൂടുതല്‍ വ്യക്തതയ്ക്കായി പോര്‍ട്ടലില്‍ യൂസര്‍ ഗൈഡും ലഭ്യമാണ്.







































































































