അറസ്റ്റുണ്ടാകില്ല; കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും; രേഖകൾ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്ന് ED

മാസപ്പടി കേസിലെ ഇഡി നടപടിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരുടെയും അറസ്റ്റ് ഇന്നുണ്ടാകില്ല. രേഖകൾ കണ്ടെത്തുക മാത്രമാണ് ലക്ഷ്യമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ വ്യക്തമാക്കി. പിണറായി വിജയന്റെ മകൾ വീണ വിജയനെ ഉൾപ്പെടെ മൂന്ന് പേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അനിൽ ആനന്ദ പണിക്കർ, സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്ത എന്നിവരെ ഇഡി ചോദ്യം ചെയ്യുന്നുണ്ട്.
കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്തേക്കും. പിണറായി വിജയനെ ചോദ്യം ചെയ്യുന്നില്ല എന്നും ഇഡി വ്യക്തമാക്കി. രാവിലെ ആറിന് തുടങ്ങിയ പരിശോധന ഇപ്പോൾ നാല് മണിക്കൂർ പിന്നിട്ടു.പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകൾ ഉൾപ്പെടെ പന്ത്രണ്ട് ഇടങ്ങളിൽ ഇ.ഡി റെയ്ഡ് പുരോഗമിക്കുകയാണ്. മുൻമന്ത്രിയും പിണറായി വിജയന്റെ മകൾ വീണയുടെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും, സിഎംആർഎൽ, എക്സാലോജിക് എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലും ഒരേ സമയം ഇ.ഡിയുടെ പരിശോധന പുരോഗമിക്കുകയാണ്.
മാസപ്പടി എക്ക്സാലോജിക്ക് ഇടപാടിലെ സാമ്പത്തിക ഇടപാടുകളുടെ രേഖ തേടിയാണ് ഇഡി പരിശോധന നടക്കുന്നത്. കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.







































































































