കട്ടപ്പനയുടെ സ്വപ്ന പദ്ധതിയായ തണലിടത്തിന്റെ നിർമാണത്തിന് തുടക്കമായി

കട്ടപ്പനയുടെ സ്വപ്ന പദ്ധതിയായ തണലിടത്തിന്റെ നിർമാണത്തിന് തുടക്കമായി. ആദ്യ ഘട്ടമായി നഗരസഭ വിഹിതമായ 15 ലക്ഷം രൂപായുടെ നിർമ്മാണം പൂർത്തിയായി.
രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും
കട്ടപ്പന നഗരത്തിനുള്ളിലെ ഏറ്റവും ശാന്തമായ പ്രദേശമാണ് പള്ളിക്കവല -ടൗൺഹാൾ, ഇടുക്കിക്കവല ബൈപ്പാസ്.
ചുട്ടുപൊള്ളുന്ന വെയിലിലും തണൽ നൽകുന്ന മരങ്ങളാണ് പ്രദേശത്തിന്റെ പ്രത്യേകത.
100 മീറ്റർ റോഡിന്റെ ഇരു വശങ്ങളിലും തണൽ മരങ്ങൾ പടർന്നു നിൽക്കുന്നു.
അമുത്പദ്ധതി ഫണ്ടിൽ നിന്നും നഗരസഭയിൽ നിന്നും തുക വകയിരുത്തി ഇവിടെ തണലിടം മിനി പാർക്ക് ഒരുക്കാനുള്ള പദ്ധതിക്കാണ് ഇപ്പോൾ തുടക്കമായിരിക്കുന്നത്.
നിലവിൽ ഇരുവശവുമുള്ള ചതുപ്പു പ്രദേശത്തിനും റോഡിനും അരികിലുള്ള കല്ലുകെട്ടാണ് നടക്കുന്നത്.
റോഡരികിലെ മരങ്ങൾ നശിപ്പിക്കാതെ കല്ലുകെട്ടി സംരക്ഷിച്ച് ചാരുബെഞ്ചുകൾ, പൂച്ചെടികൾ, സോളാർലൈറ്റ് , ക്യാമറ, കുട്ടികൾക്ക് കളിക്കുന്നതിനുള്ള ഉപകരണങ്ങൾ, ഫ്രീ വൈഫൈ, ഓപ്പൺ ജിം , കഫറ്റീരിയ എന്നിവയാണ് തണലിടത്തിൽ വരുന്നത് എന്ന് വാർഡ് കൗൺസിലർ സോണിയ ജെയ്ബി പറഞ്ഞു.
പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാരിന്റെ അമൃത് 2.0 പദ്ധതിയിൽപ്പെടുത്തി 37 ലക്ഷം രൂപയും നഗരസഭ 15 ലക്ഷം രൂപയും വിനിയോഗിച്ചാണ് തണലിടം പദ്ധതി പൂർത്തിയാക്കുന്നത്.
പദ്ധതി പൂർത്തിയാകുന്നതോടെ കട്ടപ്പന നിവസികളുടെ ചിരകാല സ്വപ്നമാണ് പൂവണിയുന്നത്.










































































































