‘നീറ്റ് പരീക്ഷാ ക്രമക്കേട് ഗുരുതരം, വിദ്യാർത്ഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്നു’; പിണറായി വിജയൻ

നീറ്റ് പരീക്ഷാ ക്രമക്കേട് ഗുരുതരവും പ്രതിഷേധാർഹവുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വിദ്യാർത്ഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്ന സംഭവമാണ്. എൻ ടി എക്ക് ചുമതല നൽകിയ ശേഷം ഇത് ആദ്യമായല്ല ചോദ്യപേപ്പറുകൾ ചോരുന്നത്. പരീക്ഷ സംവിധാനം വിശ്വാസതയോടെ നടത്തേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടു. സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് വിദ്യാഭ്യാസ സംവിധാനത്തോടുള്ള വലിയ അപമാനമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
പരീക്ഷാ സംവിധാനം വിശ്വാസ്യതയോടെ നടത്തേണ്ടവർ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിനുള്ള വലിയ അപമാനമാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻ.ടി.എ.) പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയതിന് ശേഷം ചോദ്യപേപ്പറുകൾ ചോരുന്നത് ഇതാദ്യമായല്ല. എൻ.ടി.എ. പിരിച്ചുവിട്ട് പരീക്ഷകൾ നടത്താനുള്ള ചുമതല മുൻപത്തെപ്പോലെ അതത് സർക്കാർ ഏജൻസികൾക്ക് കൈമാറേണ്ടതുണ്ട്.
ചോദ്യപേപ്പർ ചോർച്ച, കോച്ചിംഗ്-മാഫിയകളുടെ ഇടപെടൽ, അഴിമതി എന്നിവയെക്കുറിച്ച് ഉയരുന്ന ആരോപണങ്ങൾ അതീവ ആശങ്കാജനകമാണ്. പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ വർഷങ്ങളായുള്ള പരിശ്രമത്തിന്റെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും നടുവിൽ പരീക്ഷയെ സമീപിക്കുമ്പോൾ, ഇത്തരം ക്രമക്കേടുകൾ അവരുടെ നീതിപൂർണമായ അവസരങ്ങളെയാണ് കവർന്നെടുക്കുന്നത്.
ഈ സംഭവത്തിൽ സമഗ്രവും സുതാര്യവും സമയബന്ധിതവുമായ അന്വേഷണം നടത്തണം. കുറ്റക്കാർ ആരായാലും മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത പുനഃസ്ഥാപിക്കാൻ കേന്ദ്ര സർക്കാർ അടിയന്തര ഇടപെടൽ നടത്തേണ്ടതാണ്. വിദ്യാർത്ഥികളുടെ ഭാവി പരീക്ഷണശാലയല്ല. പ്രവേശന പരീക്ഷാ നടത്തിപ്പ് പ്രഹസനമാക്കി വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ ഇല്ലാതാക്കരുതെന്നും പിണറായി വിജയൻ വ്യക്തമാക്കി.
















































































































