സ്ത്രീകളെ കാണാതാകുന്നതില് കേരളത്തില്‍ മുന്നില്‍ കൊല്ലം

ഒരു വര്‍ഷം 900 പേരെയാണ് കൊല്ലത്ത് നിന്ന് കാണാതാകുന്നത്
സ്ത്രീകളെ കാണാതാകുന്നതില് കേരളത്തില്‍ മുന്നില്‍ കൊല്ലം ജില്ല. ഒരുമാസം ശരാശരി 70 മുതല്‍ 90 സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണ് ജില്ലയില്‍ നിന്നു കാണാതാകുന്നത്. ഒരു വര്‍ഷം 900 പേരെയാണ് കൊല്ലത്ത് നിന്ന് കാണാതാകുന്നത്. ഇവരില്‍ 90 ശതമാനം പേരെയും പിന്നീട് കണ്ടെത്തുന്നുണ്ട്.
അഞ്ചു മുതല്‍ എട്ടു ശതമാനം പേരെ കണ്ടെത്താനാകുന്നില്ല. അതായത് പ്രതിവര്‍ഷം കാണാതാകുന്ന സ്ത്രീകളില്‍ 45 മുതല്‍ 72 വരെ പേര് തിരിച്ചു വരുന്നില്ല. ഇതുപ്രകാരം 10 വര്‍ഷത്തെ കണക്കെടുത്താല്‍ കൊല്ലം ജില്ലയില്‍ നിന്നും കാണാതായ സ്ത്രീകളില്‍ തിരിച്ചുവരാത്തവര്‍ 500ന് മുകളിലാണ്. തിരിച്ചുവരാത്ത ഭൂരിഭാഗവും 18 നും 35നും വയസിനു മധ്യേപ്രായമുള്ളവരാണ്. കൂടാതെ സ്വയം ജീവനൊടുക്കുന്നതിലും കൊല്ലം ജില്ല മുന്നിലാണ്.
ഈ രണ്ടു വിഷയങ്ങളിലും പഠനം നടത്താന്‍ കടപ്പാക്കട സ്പോര്‍ട്സ് ക്ലബിന്റെ വനിതാ വേദിയായ സ്നേഹിത കണ്വന്ഷന് തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ സ്നേഹിത 15 വര്‍ഷം മുന്‍പ് സമഗ്രമായ അന്വേഷണത്തിന് പ്രാരംഭം കുറിച്ചിരുന്നു. പ്രണയബന്ധം, കുടുംബപ്രശ്നങ്ങള്‍, സൈബര്‍ ചതിക്കുഴി, ജോലി തട്ടിപ്പ് തുടങ്ങിയവയെല്ലാം കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ കാണാതായി തിരിച്ചുവരാത്തവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി നിയമ സഹായ കേന്ദ്രം തുറക്കാനും സ്നേഹിത കണ്വന്ഷന് തീരുമാനിച്ചു.
















































































































