വിജയ് സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ വെട്ടിലാകുക മദ്യഷോപ്പ് ജീവനക്കാര്‍; തുച്ഛ വേതനത്തില്‍ കിലോ മീറ്ററുകള്‍ താണ്ടി ജോലി ചെയ്യണം

തമിഴ്നാട്ടില്‍ വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും സമീപം പ്രവര്‍ത്തിക്കുന്ന തമിള്നാടു സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്പറേഷന് (ടാസ്മാക്) കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ മദ്യശാലകള്‍ (ടാസ്മാക്) അടിയന്തരമായി പൂട്ടാന്‍ മുഖ്യമന്ത്രി സി.ജോസഫ് വിജയ് ഉത്തരവിട്ടതിന് പിന്നാലെ ആശങ്കയിലായി ഷോപ്പുകളിലെ ജീവനക്കാര്‍. 717 മദ്യശാലകള്‍ ഒരുമിച്ച് അടക്കുന്നതോടെ 24 വര്‍ഷമായി തുച്ഛ വേതനത്തിന് ജോലി ചെയ്യുന്ന ജീവനക്കാര്‍ കിലോമീറ്ററുകള്‍ താണ്ടി മറ്റു ഷോപ്പുകളിലെത്തി ജോലി ചെയ്യേണ്ടി വരും. എന്നാല്‍ ഇപ്പോഴും 12500 രൂപ മാത്രമാണ് ഭൂരിപക്ഷം ജീവനക്കാരുടെയും മാസവേതനം. അതായത് ദിവസം 416 രൂപ. ഈ കൂലിയും വാങ്ങി ദൂരസ്ഥലങ്ങളില്‍ പോയി രാത്രി വരെ ജോലി ചെയ്യുന്നത് എങ്ങനെയെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്.
മദ്യവില്‍പ്പനശാലകള്‍ക്ക് 500 മീറ്റര്‍ ചുറ്റളവില്‍ വിദ്യാലയങ്ങളോ ആരാധനാലയങ്ങളോ ഉണ്ടെങ്കില്‍ അത്തരം ഷോപ്പുകള്‍ക്കെല്ലാം താഴിടണമെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് വിജയ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ആദ്യഘട്ടമെന്നോണമാണ് 717 ഷോപ്പുകള്‍ പൂട്ടുന്നത്. രണ്ടാഴ്ചയ്ക്കകം ഈ ഉത്തരവ് നടപ്പിലാക്കണമെന്നാണ് അധികൃതരുടെ കര്‍ശന നിര്‍ദേശം. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്യുടെ സുപ്രധാന തീരുമാനങ്ങളില്‍ ഒന്നാണിത്. സംസ്ഥാനത്തെ പൊതുസ്ഥലങ്ങളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികള്‍ പരിഗണിച്ചാണ് തീരുമാനം. പരിശോധനയില്‍ കണ്ടെത്തിയ 717 ഷോപ്പുകളില്‍ 276 എണ്ണം ആരാധനാലയങ്ങള്‍ക്ക് സമീപവും, 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപവും, 255 എണ്ണം ബസ് സ്റ്റാന്‍ഡുകള്‍ക്ക് പരിസരത്തുമാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ അടക്കുന്ന ഷോപ്പുകളിലെ സ്റ്റോക്ക് എടുത്ത് ഇവിടെയുള്ള മദ്യം മറ്റു ഷോപ്പുകളിലേക്ക് മാറ്റുന്നതിനും മറ്റും സമയമെടുക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ഷോപ്പ് വാടകയില്‍ വലിയ പങ്ക് നല്‍കേണ്ടത് ജീവനക്കാര്‍
കേരളത്തില്‍ നിന്ന് വ്യത്യസ്തമായി തമിഴ്നാട്ടിലെ മദ്യഷോപ്പുകള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്നത് തുച്ഛമായ വാടക. ടൗണിന്റെ പ്രധാന ഭാഗങ്ങളില്‍ ഇന്നത്തെ നിലയില്‍ രണ്ട് മുറികള്‍ക്ക് 15000 രൂപയെങ്കിലും വാടക നല്‍കണം. എന്നാല്‍ സര്‍ക്കാര്‍ പഞ്ചായത്ത് പരിധികളിലെ ഷോപ്പിന് അനുവദിക്കുന്നത് 5600 ഉം നഗരസഭ മേഖലകളില്‍ 6600 ഉം രൂപ മാത്രമാണെന്ന് ജീവനക്കാര്‍ പറയുന്നു. ബാക്കി വരുന്ന തുക ജീവനക്കാര്‍ മദ്യം പാക്ക് ചെയ്ത് വരുന്ന കാര്‍ഡ് ബോര്‍ട്ട് പെട്ടികളും മറ്റും വിറ്റ് സംഘടിപ്പിക്കുകയാണെന്ന് കേരള-തമിഴ്നാട് അതിര്‍ത്തിയിലെ മദ്യഷാപ്പ് ജീവനക്കാരന് പറഞ്ഞു.
















































































































