“ചർച്ചയില്ലാതെ നടപ്പാക്കിയാൽ വലിയ പ്രതിസന്ധി ഉണ്ടാകും”; കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയിൽ ആശങ്ക പ്രകടിപ്പിച്ച് തൊഴിലാളി സംഘടനകൾ

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് തൊഴിലാളി സംഘടനകൾ. ചർച്ച കൂടാതെ പദ്ധതി നടപ്പിലാക്കിയാൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന് എഐടിയുസി നേതാവ് പറയുന്നു. ഇതുമൂലം തൊഴിലാളികൾക്ക് പെൻഷനും ശമ്പളവും മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുത്. സാമ്പത്തിക ബാധ്യതയും ഉത്തരവാദിത്തവും കൂടി സർക്കാർ ഏറ്റെടുക്കണമെന്നും തൊഴിലാളി സംഘടനകൾ പറയുന്നു.
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പ്രാഥമിക നടപടികൾക്ക് തുടക്കമായിരുന്നു. ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ വഴിയുള്ള ജെൻഡർ കണക്കെടുപ്പ് അർദ്ധരാത്രി 12 മണി മുതൽ ആരംഭിച്ചു. സ്ത്രീ യാത്രക്കാരുടെ കണക്കെടുപ്പ് പൂർത്തിയാക്കി വിശദ പദ്ധതി തയ്യാറാക്കാനാണ് നീക്കം.
കണക്കെടുക്കുന്നതിനായി ടിക്കറ്റ് മെഷീനിൽ പുതിയതായി ഒരു ഓപ്ഷൻ നൽകിയിട്ടുണ്ട്. ഇതിലൂടെ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ സ്ത്രീയാണോ പുരുഷനാണോ എന്ന് രേഖപ്പെടുത്താൻ സാധിക്കും. കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഈ ടിക്കറ്റിങ്ങിലൂടെ മനസിലാക്കാൻ സാധിക്കും. ഇത്തരത്തിൽ കെഎസ്ആർടിസി പ്രതിദിന സ്ത്രീ യാത്രക്കാരുടെ കണക്ക് എടുക്കും. ഈ കണക്കെടുക്കുന്നതിലൂടെ കൃത്യമായ പദ്ധതി രൂപീകരിക്കാൻ കോൺഗ്രസിന് സാധിക്കും. പ്രത്യേക പാക്കേജ് അനുവദിക്കുന്നതിനും, ഇതിനുവേണ്ടി എത്ര പണം ചെലവഴിക്കണമെന്നും തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ മനസിലാക്കാനായേക്കും.
ഇന്ദിരാ ഗ്യാരന്‍റി എന്ന പേരിൽ കോൺഗ്രസ് അവതരിപ്പിച്ച അഞ്ച് ഗ്യാരണ്ടികളിൽ ഒന്നായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസിയിലെ സൗജന്യ യാത്ര. യുഡിഎഫ് ഭരണം ഉറപ്പിച്ചതിനു തൊട്ടു പിന്നാലെ നിരവധി സ്ത്രീകളാണ് കെഎസ്ആർടിസിയിൽ സൗജന്യമായി യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
















































































































