സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചു; ആധാര്‍ സെർവർ പ്രവർത്തനം നിലച്ചത് പ്രതിസന്ധി

സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചു. ആധാര്‍ സെർവർ പ്രവർത്തനം നിലച്ചതോടെയാണ് പ്രതിസന്ധി. അക്ഷയ കേന്ദ്രങ്ങള്‍ വഴിയുള്ള ആധാര്‍ സേവനങ്ങൾ പൂര്‍ണമായി നിലച്ചു. ബദല്‍ സംവിധാനമൊരുക്കണമെന്ന് റേഷന്‍ വ്യാപാരികള്‍ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ എട്ടരയോടെയാണ് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ ആധാർ അധിഷ്ഠിത സേവനങ്ങളിൽ തകരാർ സംഭവിച്ചത്. ഇത്തരത്തിലൊരു തകരാർ സംഭവിച്ചതോടെ രാജ്യത്ത് ഒട്ടാകെയുള്ള ആധാർ അധിഷ്ഠിത സേവനങ്ങളാണ് തകരാറിലായിരിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് സംസ്ഥാനത്തും റേഷൻ വിതരണമടക്കം സ്തംഭിച്ച നിലയിലായത്. രാവിലെ മുതൽ റേഷൻ കടകളിലേക്ക് കാർഡ് ഉടമകൾ എത്തിയെങ്കിലും റേഷൻ നൽകാൻ സാധിക്കാത്ത സ്ഥിതിയാണ്. സ്തംഭനാവസ്ഥയിൽ ആയതോടെ റേഷൻ കടകൾ അടച്ചിടുന്ന സ്ഥിതിയുണ്ട്.
എന്നാൽ, ഇത് റേഷൻ കടകളിലെ മാത്രം അവസ്ഥയല്ല. ആധാർ അധിഷ്ഠിത സേവനങ്ങൾ നടപ്പിലാക്കേണ്ട എല്ലായിടത്തും ഇതേ സ്ഥിതിയാണ്. സെക്രട്ടേറിയറ്റിൽ ജീവനക്കാരുടെ പഞ്ചിംഗ് അടക്കം അവതാളത്തിലായിട്ടുണ്ട്. ഇതിനൊരു ബദൽ സംവിധാനം ഒരുക്കണമെന്നാണ് റേഷൻ വ്യാപാരികളടക്കം ആവശ്യപ്പെടുന്നത്.
















































































































