മുഖ്യമന്ത്രി സ്ഥാനം; ജോസഫ് വിഭാഗം വി.ഡി സതീശനെ പിന്തുണക്കും

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പി.ജെ ജോസഫ് വിഭാഗം വി.ഡി സതീശനെ പിന്തുണക്കും. ജോസഫ് വിഭാഗം യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. രണ്ടുമന്ത്രി സ്ഥാനവും കേരള കോൺഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെട്ടു. എഐസിസി നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചക്കായി പി.ജെ ജോസഫ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
കോൺഗ്രസ് വിളിച്ച യോഗത്തിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ ഫ്രാൻസിസ് ജോർജ് എംപി ജോസഫിനെ കാണാനെത്തിയിരുന്നു. രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടുമെന്ന് പി.ജെ ജോസഫും പറഞ്ഞു. നേതാക്കളുടെ സാന്നിധ്യം ആവശ്യമുള്ളത് കൊണ്ടാണ് തിരുവനന്തപുരത്തേക്ക് പോകുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പിന്തുണയ്ക്കുമെന്ന് അഭിപ്രായം ചോദിച്ചാൽ പറയും . ഇപ്പോൾ അത് പറയുവാൻ കഴിയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസിന് രണ്ടു മന്ത്രിസ്ഥാനം വേണമെന്ന് മുതിർന്ന നേതാവും ഇരിങ്ങാലക്കുട നിയുക്ത എംഎൽഎയുമായ തോമസ് ഉണ്ണിയാടനും ആവശ്യപ്പെട്ടിട്ടുണ്ട്. എട്ടിൽ ഏഴു സീറ്റും ജയിച്ച പാർട്ടിക്ക് അതിന് അർഹതയുണ്ട്. തന്നെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് പ്രതീക്ഷ എന്നും തൃശൂരിന് ഒരു മന്ത്രി വേണമെന്നും ഉണ്ണിയാടൻ മീഡിയവണിനോട് പറഞ്ഞു
















































































































