നിരോധിത ഉത്തേജക മരുന്നുകളുമായി തൊടുപുഴ സ്വദേശി പിടിയിൽ

കാരിക്കോട് വില്ലേജ് ഇടവെട്ടി കരയിൽ ഇടവെട്ടി ചിറ ഭാഗത്ത് കോട്ടയ്ക്കാട്ട് വീട്ടിൽ സുനീഷ് എസ് നായർ (41) ആണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. ജില്ലാ ഡാൻസാഫ് സ്ക്വാഡിനും (ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ്), ഡ്രഗ്സ് കൺട്രോൾ വകുപ്പിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയതിൽ ഷെഡ്യൂൾഡ് H വിഭാഗത്തിൽപ്പെട്ട MEPHENTERMINE SULPHATE INJECTION IP, TERMAK ൻ്റെ 10 ml വീതമുള്ള 150 ബോട്ടിലുകൾ പ്രതിയുടെ കൈവശം കണ്ടെത്തിയതിനെ തുടർന്ന്
05.05.2026 തിയതി തൊടുപുഴ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ അരുൺ ചന്ദ്രൻ, അനന്ദു ശേഖർ, സിവിൽ പോലീസ് ഓഫീസർമാരായ ഉമേഷ്, അഫ്സൽ എന്നിവരടങ്ങിയ പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ലൈസൻസില്ലാതെ ഈ മരുന്ന് വിൽക്കുന്നതും, ഡോക്ടറുടെ കുറിപ്പടിയില്ലാതെ കൈവശം വെക്കുന്നതും വിൽക്കുന്നതും നിയമവിരുദ്ധമാണ്. ഇത് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. ഇതൊരു ഉത്തേജക മരുന്നായതിനാൽ ദുരുപയോഗം ചെയ്യുന്നത് ഹൃദയമിടിപ്പ് കൂടുക, ഉറക്കമില്ലായ്മ, മാനസികരോഗങ്ങൾ (Psychosis), ഹൃദയസ്തംഭനം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ലോക ഉത്തേജക വിരുദ്ധ ഏജൻസിയും (WADA) നാഷണൽ ആൻ്റി ഡോപ്പിംഗ് ഏജൻസിയും (NADA) ഇത് നിരോധിച്ചിട്ടുള്ളതാണ്.
















































































































