അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നൂറുകണക്കിന് ആളുകൾക്ക് ആശ്വാസമായി

അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ ആശുപത്രികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ആരോഗ്യ ക്യാമ്പുകൾ നാടിന് വലിയ പ്രയോജനമായി. അടിമാലി എസ് എൻ ക്ലബിന്റെയും വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ, അടിമാലി ഗവ. താലൂക്ക് ഹോസ്പിറ്റൽ, കൊച്ചി ഐ ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ ജനറൽ മെഡിസിൻ, സർജറി, ഡെർമറ്റോളജി, നേത്രപരിശോധന തുടങ്ങി വിവിധ വിഭാഗങ്ങളിൽ വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായി. ഇതോടൊപ്പം ജീവിതശൈലീ രോഗനിർണ്ണയത്തിന്റെ ഭാഗമായി സൗജന്യമായി രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും പരിശോധിക്കാനും നാട്ടുകാർക്ക് സാധിച്ചു.
ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാരായ രോഗികൾക്ക് വലിയ സാമ്പത്തിക ലാഭവും മികച്ച ചികിത്സാ നിർദ്ദേശങ്ങളും ഒരുമിച്ച് ലഭിച്ചു എന്നതാണ് ഈ ക്യാമ്പിന്റെ പ്രധാന നേട്ടം. വിദഗ്ദ്ധ ഡോക്ടർമാരെ നേരിൽ കണ്ട് ചികിത്സ തേടാൻ സാധിക്കാത്തവർക്കും നിത്യേനയുള്ള തിരക്കുകൾക്കിടയിൽ ആരോഗ്യ പരിശോധന നടത്താൻ കഴിയാത്തവർക്കും ഈ ക്യാമ്പ് വലിയ അനുഗ്രഹമായി മാറി. രോഗങ്ങൾ നേരത്തെ തിരിച്ചറിയാനും കൃത്യമായ തുടർചികിത്സാ മാർഗങ്ങൾ മനസ്സിലാക്കാനും സാധിച്ചതോടെ ഒട്ടേറെ പേർക്ക് തങ്ങളുടെ ആരോഗ്യ കാര്യങ്ങളിൽ വലിയ ആശ്വാസമാണ് ക്യാമ്പ് നൽകിയത്. സ്കൂൾ പ്രിൻസിപ്പൽ എം എസ് അജി, പ്രോഗ്രാം ഓഫീസർ അജയ് ബി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
















































































































