ദേശീയപാത 85 നിർമ്മാണം: ഹൈലെവൽ കമ്മിറ്റി റിപ്പോർട്ട് വൈകരുത്; ചീഫ് സെക്രട്ടറിക്ക് കത്തെഴുതി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി

ദേശീയപാത 85-ൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ റോഡ് വീതികൂട്ടൽ ജോലികൾ അനിശ്ചിതമായി നീണ്ടുപോകുന്നതിനെതിരെ ഡീൻ കുര്യാക്കോസ് എം.പി. നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ചീഫ് സെക്രട്ടറിക്ക് കത്തുനൽകി.
നേര്യമംഗലം മുതൽ പള്ളിവാസൽ വരെ 30 മീറ്റർ വീതിയിലാണ് ദേശീയപാത സർക്കാർ രേഖകളിലുള്ളത്. ഇക്കാര്യം കേരള സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയതുമാണ്. എന്നാൽ വനം വകുപ്പും ചില സ്വകാര്യ വ്യക്തികളും ഉയർത്തിയ തടസ്സങ്ങൾ മൂലം നിർമ്മാണം പൂർണ്ണമായും നിലച്ചിരിക്കുകയാണ്. നിർമ്മാണം പുനരാരംഭിക്കാൻ ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും നടപടികൾ വൈകുന്നതിൽ എം.പി. പ്രതിഷേധം അറിയിച്ചു.
ചീഫ് സെക്രട്ടറി തലത്തിൽ രൂപീകരിച്ച ഹൈലെവൽ കമ്മിറ്റിയുടെ റിപ്പോർട്ട് വരാത്തതാണ് നിലവിൽ വീതി കൂട്ടൽ പ്രവൃത്തികൾക്ക് തടസ്സമായി നിൽക്കുന്നത്. അനാവശ്യമായി റിപ്പോർട്ട് വൈകിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്ന് എം.പി. ചൂണ്ടിക്കാട്ടി. നിർമ്മാണം പാതിവഴിയിൽ നിലച്ചതോടെ കുഴികളും കിടങ്ങുകളുമായി റോഡ് അതീവ അപകടാവസ്ഥയിലാണ്. കാലവർഷം ആരംഭിക്കാനിരിക്കെ, നിലവിലെ സാഹചര്യം റോഡിന്റെ ഘടനാപരമായ നിലനിൽപ്പിനെ ബാധിക്കുമെന്നും വലിയ തോതിലുള്ള മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും കത്തിൽ പറയുന്നു. ഈ പ്രതിസന്ധികൾ കണക്കിലെടുത്ത്, ചീഫ് സെക്രട്ടറി അടിയന്തരമായി ഇടപെട്ട് വീതിയെടുക്കൽ പ്രവൃത്തി പൂർത്തിയാക്കാൻ നിർദ്ദേശം നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.
















































































































