അഴിമതി കേസ്; സന്ദീപ് പഥക്കിനെതിരെ കേസെടുത്ത് പഞ്ചാബ് പൊലീസ്; നടപടി എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ

അഴിമതി കേസില്‍ രാജ്യസഭാ എംപി സന്ദീപ് പഥക്കിനെതിരെ കേസെടുത്ത് പഞ്ചാബ് പൊലീസ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് നടപടി.
അഴിമതിയും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് കേസുകള്‍ എന്നാണ്് വിവരം. രണ്ട് ജില്ലകളിലായാണ് രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത്. സന്ദീപിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം. ഔദ്യോഗിക വസതിയില്‍ പൊലീസ് പരിശോധന നടത്തി. ശനിയാഴ്ച എഫ്ഐആറുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ, പഥക് ഡല്‍ഹിയിലെ തന്റെ വസതിയില്‍ വിട്ടിരുന്നു.
അടുത്തിടെ ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഏഴ് രാജ്യസഭാ എംപിമാരില്‍ ഒരാളാണ് സന്ദീപ് പഥക്. രാഘവ് ഛദ്ദ, സ്വാതി മലിവാള്‍, രജീന്ദര്‍ ഗുപ്ത, വിക്രംജിത്ത് സാഹ്നി, ഹര്‍ബജന്‍ സിങ്, അശോക് മിത്തല്‍ എന്നിവരാണ് എഎപി വിട്ട മറ്റ് എംപിമാര്‍. ഇവരെ അയോഗ്യരാക്കണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യത്തെ നിരസിച്ചുകൊണ്ടാണ് രാജ്യസഭ അധ്യക്ഷന്‍ ബിജെപിയിലേക്കുള്ള ലയനത്തെ അംഗീകരിച്ചത്.
ഇതോടെ,രാജ്യസഭയിലെ ബിജെപിയുടെ അംഗ ബലം 106 ല്‍ നിന്ന് 113ലേക്ക് വര്‍ധിക്കുകയും ആം ആദ്മി പാര്‍ട്ടിയുടെ പ്രാധിനിധ്യം മൂന്ന് അംഗങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്തു.
നടപടിക്കെതിരെ ആംആദ്മി പാര്‍ട്ടി നിയമപരമായി പോരാടാനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഡല്‍ഹിയിലെയും പഞ്ചാബിലെയും കൂടുതല്‍ എംപിമാരെയും എംഎല്‍എമാരെയും മറുകണ്ടം ചാടിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ പാര്‍ട്ടിക്ക് ചെറുക്കുകയും വേണം. എന്നാല്‍, ഇക്കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താതെ പാര്‍ട്ടിയുടെ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ബംഗാളില്‍ തിരഞ്ഞെടുപ്പ് തിരക്കുകളില്‍ ഏര്‍പ്പെട്ടത് ഒരു വിഭാഗം നേതാക്കളെ അതൃപ്തരാക്കിയിട്ടുണ്ട്. എംഎല്‍എമാരുടെയും പ്രവര്‍ത്തകരുടെയും പിന്തുണയും വിശ്വാസവും ഉറപ്പിക്കേണ്ടത് നേതൃത്വത്തിന്റെ ഉത്തരവാദിത്വം ആണെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. പാര്‍ട്ടിയുടെ പ്രതിനിധികളുമായുള്ള കെജ്‌രിവാളിന്റെ കൂടിക്കാഴ്ച അനിശ്ചിതത്വത്തില്‍ ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
















































































































