സമാധാന നൊബേല്‍ നോമിനികളുടെ പട്ടികയില്‍ ട്രംപും? റിപ്പോര്‍ട്ടുമായി റോയിട്ടേഴ്സ്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നോബേല്‍ സമ്മാന നോമിനികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. റോയിട്ടേഴ്സ് ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. കംബോഡിയ, ഇസ്രയേല്‍, പാകിസ്താന് തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ട്രംപിനെ നോബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ചെയ്തതായി വ്യക്തമാക്കിയിരുന്നു. സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനുള്ള ട്രംപിന്റെ ഇടപെടലുകള്‍ പരിഗണിച്ചാണ് നോബേല്‍ സമാധാന സമ്മാനത്തിന് ട്രംപിനെ നേതാക്കള്‍ നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളത്.
നോര്‍വീജിയന്‍ നോബേല്‍ കമ്മിറ്റിക്കു മുന്നില്‍ 287 നോമിനേഷനുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. നോമിനേഷന് ലഭിച്ചവരുടെ വിവരം 50 വര്‍ഷത്തേക്ക് കമ്മിറ്റി പുറത്തുവിടാറില്ല. ഈ വര്‍ഷം ഒക്ടോബര്‍ 9-നാണ് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം പ്രഖ്യാപിക്കുന്നത്. ആഗോള സംഘര്‍ഷത്തിന്റേയും അന്താരാഷ്ട്ര സഹകരണത്തിന്റെ ആവശ്യകത ഏറുന്നതിന്റേയും പശ്ചാത്തലത്തില്‍ നൊബേല്‍ പുരസ്കാര നിര്‍ണയം നിര്‍ണായകമെന്ന് നോര്‍വീജിയന്‍ നോബെല്‍ കമ്മിറ്റി സെക്രട്ടറി ക്രിസ്റ്റിയന്‍ ബെര്‍ഗ് ഹാര്‍പ്വികെന്‍ പറഞ്ഞു.
2025ല്‍ സമാധാന നൊബേല്‍ ട്രംപിന് ലഭിച്ചേക്കുമെന്ന ഒരു അഭ്യൂഹം വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി യുദ്ധങ്ങള്‍ താന്‍ അവസാനിപ്പിച്ചിട്ടുണ്ടെന്നും താന്‍ നൊബേലിന് അര്‍ഹനെന്നും ട്രംപ് തന്നെ പല തവണ അവകാശവാദം ഉന്നയിച്ചിരുന്നു. 2025ല്‍ സമാധാന നൊബേല്‍ നേടിയത് വെനസ്വേലന്‍ പ്രതിപക്ഷനേതാവ് മരിയ കൊറിന മച്ചാഡോ ആണ്.
















































































































