പാമ്പ് ഭീതിയിൽ കേരളം; സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് 9 പേർക്ക്

സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നതായി റിപ്പോർട്ട്. ഇന്നലെ മാത്രം പാമ്പ് കടിയേറ്റ് ചികിത്സ തേടിയത് 9 പേരാണ്.
ഇതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കോഴിക്കോട് ജില്ലയിലാണ്. മൂന്ന് പേരാണ് ഇന്നലെ കോഴിക്കോട് ജില്ലയിൽ ചികിത്സ തേടിയത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കണ്ണൂർ എന്നി ജില്ലകളിലും ഇന്നലെ പാമ്പ് കടിയേറ്റ് ചികിത്സ തേടിയിട്ടുണ്ട്.
പാമ്പ് കടിയേറ്റെന്ന് സംശയിക്കുന്ന 15 കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നി ജില്ലകളിൽ 3 വീതം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആൻ്റിവെനം സ്വീകരിച്ചവരുടെ കണക്കുകൾ പ്രകാരമാണ് കടിയേറ്റവരുടെ ചികിത്സ സംബന്ധിച്ച വിവരം ലഭിച്ചത്.108 ആംബുലൻസ് സർവീസ് വഴിയുള്ള കണക്കാണിത്.
അതേസമയം സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക കര്‍മ പദ്ധതിയുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തി. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിൽ ആൻ്റിവെനം ലഭ്യമാണ്. 151 സര്‍ക്കാര്‍ ആശുപത്രികളിലും 150 സ്വകാര്യ ആശുപത്രികളിലും ആൻ്റിവെനം ലഭ്യമാണ്.
ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിങ് നടത്തും. പിഎച്ച്സി/സിഎച്ച്സികളിലും ആൻ്റിവെനം ലഭ്യമാക്കും. ഹമ്പ് നോസ് പിറ്റ് വൈപ്പര്‍, മലബാര്‍ പിറ്റ് വൈപ്പര്‍ തുടങ്ങിയവയുടെ കടിയേറ്റാൽ സ്വീകരിക്കേണ്ട പ്രത്യേക ചികിത്സാ പ്രോട്ടോക്കോളുകളും നടപ്പാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
















































































































