ഇടുക്കി ഡാം തുറന്നാൽ വെള്ളം ഏതെല്ലാം വഴികളിലൂടെ? ഇടുക്കി–കട്ടപ്പന റൂട്ടിൽ ഗതാഗതം തടസ്സപ്പെടുമോ?
ഇടുക്കി ഡാം ചൊവ്വാഴ്ച തുറക്കുമെന്ന അറിയിപ്പ് എത്തിയതോടെ ഓർമകളിൽ നിറയുന്നത് 2018 ലെ മഹാപ്രളയം. അന്ന് മഴ കനത്ത് നദികളിലെ പ്രളയസാഹചര്യത്തിനിടെയായിരുന്നു ഡാം തുറന്നത്. ചെറുതോണിപ്പുഴയിൽ അഞ്ച് അടിയോളമാണ് അന്ന് വെള്ളം ഉയർന്നത്.
26 വര്‍ഷത്തിനു ശേഷമായിരുന്നു 2018 ഓഗസ്റ്റിൽ ചെറുതോണി ഡാം തുറന്നത്. പെരിയാർ തീരത്തും തടയമ്പാട് ചപ്പാത്തിലും വെള്ളം കയറി വ്യാപക നാശനഷ്ടമാണ് അന്നുണ്ടായത്. തൊട്ടുപിന്നാലെ 2018 ഒക്ടോബർ ആറിന് അതിതീവ്ര മഴയെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഡാമിന്റെ ഒരു ഷട്ടർ മാത്രം തുറന്നു. ചെറുതോണിപ്പുഴയിൽ അന്ന് വെള്ളം ഉയർന്നത് ഒരടിയോളം മാത്രം.
അണക്കെട്ടു തുറന്നാൽ വെള്ളം എങ്ങനെ ഒഴുകും?
ഷട്ടർ തുറന്നാൽ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പില്‍വേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറില്‍ ചേരും. തൊടുപുഴ–പുളിയൻമല സംസ്ഥാനപാതയിലെ ചെറുതോണി ചപ്പാത്തു നിറഞ്ഞാൽ ഇടുക്കി–കട്ടപ്പന റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടേക്കാം.
തടിയമ്പാട്, കരിമ്പൻ ചപ്പാത്തുകളിലൂടെയും ചേലച്ചുവട്, കീരിത്തോട്, പാമ്പ്ലാ വനമേഖലയിലൂടെയും നാട്ടിൻപുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിർത്തിയായ ലോവർ പെരിയാർ പാംബ്ല അണക്കെട്ടു വഴി നേര്യമംഗലം, ഭൂതത്താൻകെട്ട്, ഇടമലയാർ വഴി മലയാറ്റൂർ, കാലടി ഭാഗങ്ങളിലെത്തും. ലോവർപെരിയാർ ഇപ്പോൾ തന്നെ തുറന്നിരിക്കുകയാണ്. ഭൂതത്താൻകെട്ടും ഇപ്പോള്‍തന്നെ നിയന്ത്രിതമായി തുറന്നിട്ടുണ്ട്.
എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാർപാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളിൽ വെള്ളമെത്തും. വൻതോതിൽ ജലപ്രവാഹമുണ്ടായാൽ നെടുമ്പാശേരി വിമാനത്താവളത്തിലും വെള്ളം കയറാൻ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. തുടർന്ന് ആലുവാപ്പുഴയിലെത്തി അറബിക്കടലിൽച്ചേരും.