ശബരിമലയിലെ ഹെലികോപ്റ്റര്‍ വിവാദം; കോസ്റ്റ് ഗാര്‍ഡിന് പിഴവ് സംഭവിച്ചെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്

ശബരിമല ക്ഷേത്രത്തിന് മുകളില്‍ ഹെലികോപ്റ്റര്‍ പറത്തിയ സംഭവത്തിൽ കോസ്റ്റ് ഗാര്‍ഡിന് പിഴവ് സംഭവിച്ചെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് എഡിജിപി എസ്. ശ്രീജിത്ത് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തേണ്ട സാഹചര്യമുണ്ടായില്ലെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. സംഭവത്തിൽ പത്തനംതിട്ട എസ്‌പി വിശദ അന്വേഷണം നടത്തും.
അത്രയും താഴ്ന്ന് പറന്നത് അപകടകരമാണെന്നും ഹെലികോപ്റ്ററില്‍ ഇരുന്നവര്‍ ക്ഷേത്രത്തിൻ്റെ ചിത്രങ്ങള്‍ എടുത്തെന്ന് സംശയിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററിന് അനുവദിച്ച വ്യോമപാത അടക്കമുള്ള വിശദാംശങ്ങള്‍ ചോദിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ശബരിമലയിലെ അതീവ സുരക്ഷാ മേഖലയിലൂടെ കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ പറത്തിയത്. സംഭവം അതീവ അതീവ ഗൗരവതരമെന്ന് സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്ത് ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
അതേസമയം, അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്നാണ് കോസ്റ്റ് ഗാർഡ് നൽകുന്ന വിശദീകരണം. ഹെലികോപ്റ്റർ സാധാരണ പരിശീലനത്തിൻ്റെ ഭാഗമായി പറത്തിയതാണ്. 6000 അടി ഉയരത്തിലാണ് ഹെലികോപ്റ്റർ പറന്നത്. ഇന്നലെ ഉച്ചക്ക് 1.15ന് മോശം കാലാവസ്ഥ കാരണം പമ്പയുടെ സമീപം മലയിൽ ഇറക്കിക്കുകയായിരുന്നു എന്നും കോസ്റ്റ് ഗാർഡ് അറിയിച്ചത്.
സന്നിധാനത്തിന് മുകളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറത്തിയതിൽ അസ്വാഭാവികമായി ഒന്നുമില്ലെന്നായിരുന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാറിൻ്റെ പ്രതികരണം. വഴിതെറ്റി എത്തിയ ഹെലികോപ്റ്റർ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ ഫോട്ടോ എടുത്താൽ എന്താണ് കുഴപ്പമെന്നും കെ. ജയകുമാർ ചോദിച്ചിരുന്നു.
















































































































