‘രക്ഷിക്കാനെത്തിയപ്പോൾ കുഞ്ഞ് മണ്ണിനടിയിലായി, മരവിച്ച അവസ്ഥ’; കൊക്കയാറിൽ ഉരുൾപൊട്ടൽ നേരിട്ട് കണ്ട ദൃക്‌സാക്ഷി
കൊക്കയാറിൽ ഉരുൾപൊട്ടൽ നേരിട്ട് കണ്ടതിന്റെ ഭീതിയിലാണ് രാജമ്മ എന്ന വീട്ടമ്മ. വലിയ ശബ്ദം കേട്ട് നോക്കുമ്പോൾ വലിയ കല്ലും മണ്ണും വെള്ളവും ഒലിച്ചിറങ്ങുന്നതായിരുന്നു കണ്ടതെന്ന് രാജമ്മ പറഞ്ഞു. രാവിലെ കൂടി കണ്ട സമീപവാസികൾ ഒറ്റ നിമിഷം കൊണ്ട് ഇല്ലാതായി. സമീപത്തുള്ള അഞ്ച് വീടുകളാണ് ഒലിച്ചുപോയതെന്നും രാജമ്മ വ്യക്തമാക്കി.
രാജമ്മയും ഭർത്താവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കാറ്റും മഴയും വന്നപ്പോൾ വീടിനുള്ളിൽ അഭയം പ്രാപിച്ചുവെന്ന് രാജമ്മ പറഞ്ഞു. ഇതിനിടെ വീടിന്റെ മേൽക്കൂരയിൽ നിന്ന് ഓട് താഴേയ്ക്ക് വീണു. ഇതോടെ വീടിന്റെ മുൻഭാഗത്തേയ്ക്ക് വന്നു. ആ സമയമാണ് വലിയ ശബ്ദത്തോടെ ഉരുൾപൊട്ടലുണ്ടായത്. നോക്കുമ്പോൾ കല്ലും മണ്ണും ഒഴുകിയെത്തുന്നതാണ് കണ്ടത്. തുടർന്ന് വീടിനുള്ളിലേക്ക് പോയി. വീടിന് മുകളിലെ കുടുംബത്തിൽ മൂന്ന് കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. അതിൽ രണ്ട് പേരെ രക്ഷപ്പെടുക്കി. ഇളയ കുഞ്ഞിനെ രക്ഷപ്പെടുത്തും മുൻപ് മണ്ണിനടിയിലായെന്നും രാജമ്മ പറഞ്ഞു.
ഒൻപതോളം പേർ മണ്ണിനടിയിലുണ്ടെന്നാണ് കരുതുന്നത്. ചിലപ്പോൾ അതിൽ അധികം പേർ ഉണ്ടാകാമെന്നും രാജമ്മ കൂട്ടിച്ചേർത്തു. തൊട്ടു മുകളിലുള്ള സ്ഥലത്ത് വീടു പണിയുന്നതിനായി സ്ഥലമുടമ മണ്ണ് നീക്കിയിരുന്നു. ഇതിനിടെ മണ്ണ് ഇടിഞ്ഞുവീണു. ഇതിന് പിന്നാലെയാണ് അപകടമുണ്ടായത്. രണ്ട് നില കെട്ടിടം ഉൾപ്പെടെ ഒലിച്ചുപോയിട്ടുണ്ടെന്നും രാജമ്മ പറഞ്ഞു.