വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് തീരദേശവാസികൾക്കായുള്ള ദുരിതാശ്വാസക്യാമ്പ് പ്രവർത്തനമാരംഭിച്ചു.
പീരുമേട് :വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് തീരദേശവാസികൾക്കായുള്ള ദുരിതാശ്വാസക്യാമ്പ് പ്രവർത്തനമാരംഭിച്ചു.
വണ്ടിപ്പെരിയാർ ഗവ.യുപി സ്കൂൾ,കമ്മ്യൂണിറ്റി ഹാൾ,സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, രാജാമുടി അംഗൻവാടി, കീരിക്കര എസ്റ്റേറ്റ് ഓഫീസ് എന്നിവിടങ്ങളിൽ ആണ് ക്യാമ്പ് ആരംഭിക്കുന്നത്.
ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ആളുകളെ മാറ്റാനുള്ള നടപടിക്രമങ്ങൾ ചെയ്തുവരികയാണ്.
മണിക്കൂറുകളായി ശക്തമായി പെയ്തു വരുന്ന മഴയെ തുടർന്ന് പെരിയാർ നദിയും പെരിയാർ ചോറ്റുപാറ കൈത്തോടും കരകവിഞ്ഞ് ഒഴുകി തുടങ്ങി. ഇതോടെ വണ്ടിപ്പെരിയാർ ടൗണിലെ,നല്ലതമ്പി കോളനി,ചതമ്പൽ ലയം നെല്ലിമല ജംഗ്ഷൻ, ചുരക്കുളം ആശുപത്രിക്ക് സമീപം കക്കികവല, രാജാമുടി, കീരിക്കര തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന ആളുകളുടെ വീടുകളിൽ വെള്ളം കയറുകയും മണ്ണിടിച്ചിൽ ഭീഷണി നേരിടുകയുമാണ്. ഇതേത്തുടർന്നാണ് ഗ്രാമപഞ്ചായത്ത് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിക്കുന്നത്.
ആളുകൾ അവരുടെ അത്യാവശ്യ സാധനങ്ങളുമായി എത്രയും പെട്ടെന്ന് ക്യാമ്പിലേക്ക് മാറണമെന്ന നിർദ്ദേശമാണ് ഗ്രാമപഞ്ചായത്ത് ,റവന്യൂ അധികൃതർ നൽകിയിരിക്കുന്നത്.
മഴ തുടരാനാണ് സാധ്യത. കൂടുതലായി വെള്ളപ്പൊക്കം രാത്രി ഉണ്ടായാൽ രക്ഷാപ്രവർത്തനം കൃത്യമായി നടത്താൻ കഴിയില്ല. അതുകൊണ്ടുതന്നെ നേരത്തെ ആളുകൾ മാറണമെന്ന നിർദേശവും ഗ്രാമ പഞ്ചായത്ത് അധികൃതരും റവന്യൂ ഡിപ്പാർട്ട്മെന്റ് അധികൃതരും നൽകി വരുകയാണ്.
വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിലെ വള്ളക്കടവ്, ഇഞ്ചിക്കാട് മ്ലാമല,കീരികര മുങ്കാലർ, ഗ്രാൻബി തുടങ്ങിയ പ്രദേശങ്ങൾ ഒറ്റപ്പെടുകയും ചെയ്തിട്ടുണ്ട്. അടിയന്തര സാഹചര്യം ഉള്ളതുകൊണ്ട് തന്നെ ആളുകൾ എത്രയും പെട്ടെന്ന് ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.