തൊടുപുഴയില്‍ കനത്ത മഴ; ഒഴുക്കില്‍പ്പെട്ട് രണ്ട് മരണം നിരവധി വീടുകള്‍ തകര്‍ന്നു; മൂന്നിടത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു മന്ത്രി സന്ദര്‍ശനം നടത്തി
കനത്ത മഴയെ തുടര്‍ന്ന് തൊടുപുഴയിലും പരിസരങ്ങളിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി. കുത്തൊഴുക്കില്‍പ്പെട്ട് കാര്‍ യാത്രികരായ രണ്ട് പേര് മരിച്ചു. വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞും വെള്ളം കയറിയും നിരവധി വീടുകള്‍ അപകടത്തിലായി. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലങ്കര ഡാമിന്റെ ആറ് ഷട്ടറുകളും 1.30 മീറ്റര്‍ വീതം തുറന്ന് വിട്ടു. ദുരന്തബാധിത മേഖലകളില്‍ മന്ത്രി റോഷി അഗസ്റ്റിന് സന്ദര്‍ശനം നടത്തി.
കാഞ്ഞാര്‍ – മണപ്പാടി റോഡിലെ മൂന്നുങ്കവയലിന് സമീപം തോട് കര കവിഞ്ഞുണ്ടായ കുത്തൊഴുക്കില്‍പ്പെട്ടാണ് കാര്‍ യാത്രികരായ രണ്ട് പേര് മരിച്ചത്.
കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന് (30), കൂത്താട്ടുകുളം ഒലിയപ്പുറം വട്ടിനാല്‍പുത്തന്‍പുരയില്‍ നിമ കെ വിജയന് (31) എന്നിവരാണ് മരിച്ചത്.
ശക്തമായ മലവെള്ളപാച്ചിലില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ കലുങ്കില്‍ നിന്നും തോട്ടിലേക്ക് പതിക്കുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ കാഞ്ഞാര്‍ പോലീസും മൂലമറ്റം അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇരുവരുടേയും മൃതദേഹങ്ങളും കാറും കണ്ടെത്തിയത്. അപകടം നടന്ന സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മന്ത്രി റോഷി അഗസ്റ്റിന് സന്ദര്‍ശനം നടത്തി.
അറക്കുളം പഞ്ചായത്തില്‍ രണ്ടും, വെള്ളിയാമറ്റം, ഇടവെട്ടി പഞ്ചായത്തുകളില്‍ ഒന്ന് വീതവും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. വീട് പൂര്‍ണ്ണമായും തകര്‍ന്നവരേയും അപകട ഭീഷണിയില്‍ കഴിയുന്നവരെയും ഇവിടേക്ക് മാറ്റി താമസിപ്പിക്കുമെന്ന് പഞ്ചായത്തധികൃതര്‍ പറഞ്ഞു. തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ദുരന്തമേഖലയില്‍ സന്ദര്‍ശനം നടത്തി. വിവിധ വില്ലേജ് അധികൃതര്‍ നാശനഷ്ടങ്ങളുടെ വിലയിരുത്തലും കണക്കെടുപ്പും നടത്തുന്നുണ്ട്.