നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായുള്ള ഹോം വോട്ടിംഗ് നടപടികൾക്ക് ജില്ലയിൽ തുടരുന്നു

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമായുള്ള ഹോം വോട്ടിംഗ് നടപടികൾക്ക് ജില്ലയിൽ നടന്നുവരികയാണ്. 85 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമാണ് വീട്ടിലിരുന്ന് വോട്ട് രേഖപ്പെടുത്താൻ അവസരമുള്ളത്. കരുണാപുരം, അണക്കര വില്ലേജുകളിൽ കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പിൽ 61 പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക നിർദ്ദേശപ്രകാരം ’12 ഡി’ ഫോം വഴി അപേക്ഷിച്ചവർക്കാണ് ഈ സൗകര്യം ലഭിക്കുന്നത്. ബൂത്ത് ലെവൽ ഓഫീസർമാർ (BLO) വഴിയും ഇ ആർ ഒ -മാർ വഴിയുമാണ് ഫോമുകൾ വിതരണം ചെയ്തത്. സുതാര്യമായ രീതിയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിൽ പ്രത്യേക മൊബൈൽ പോളിങ് ടീമാണ് വോട്ടർമാരുടെ വീട്ടിലെത്തുന്നത്. വോട്ട് രേഖപ്പെടുത്തിയ ബാലറ്റുകൾ ഉദ്യോഗസ്ഥർ നൽകുന്ന സീൽ ചെയ്ത ബോക്സുകളിലാണ് ശേഖരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സിവിൽ പോലീസ് ഓഫീസർ ആതിര മോൾ സുരേന്ദ്രൻ പോളിങ് ടീമിന് സുരക്ഷ നൽകി.
















































































































