രാഹുൽഗാന്ധി ശനിയാഴ്ച കട്ടപ്പനയിൽ. ജില്ലയിൽ അഞ്ചു സീറ്റിലും വിജയിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ്.

കട്ടപ്പന: ശനിയാഴ്ച 12.30 ന് രാഹുൽഗാന്ധി കട്ടപ്പന നഗരസഭാ മൈതാനിയിലെത്തുമെന്ന് ഡി.സി.സി. പ്രസിഡന്റ് സി.പി. മാത്യു. റോയി കെ.പൗലോസിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് രാഹുൽ ഗാന്ധി എത്തുക. രാഹുൽ ഗാന്ധി എത്തുന്ന പൊതുയോഗത്തിൽ പങ്കെടുക്കാൻ അന്നേ ദിവസം ആയിരക്കണക്കിന് പ്രവർത്തകർ കട്ടപ്പനയിലെത്തും. ജില്ലയിൽ അഞ്ചു സീറ്റിലും മികച്ച വിജയം നേടാൻ കഴിയും. ഇടുക്കി സീറ്റിൽ 12000 ഭൂരിപക്ഷം ലഭിക്കും. പീരുമേട് സീറ്റിലും ഭൂരിപക്ഷം 10,000 കടക്കും. ദേവികുളത്തും ഉടുമ്പൻചോലയിലും വിജയം ഉറപ്പാണ്. ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നു എന്ന പ്രസ്താവന മാത്രമല്ലാതെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ ആവശ്യമായതൊന്നും പിണറായി സർക്കാർ ചെയ്തിട്ടില്ല. ഷോപ്പ്‌സൈറ്റിലെ പട്ടയങ്ങൾ ഉൾപ്പെടെ ചുവപ്പുനാടയിലാണ്. ചടങ്ങുപോലെ പട്ടയമേള നടത്തി കുറച്ച് പട്ടയങ്ങൾ വിതരണം ചെയ്തതല്ലാതെ ഭൂപ്രശ്‌നത്തിൽ പരിഹാരമുണ്ടായില്ല. രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് എത്തുന്നവർ ഒരു മണിക്കൂർ മുൻപെങ്കിലും സ്റ്റേഡിയത്തിൽ എത്തണം. എങ്കിൽ മാത്രമേ സുരക്ഷാ പരിശോധന കഴിഞ്ഞ് അകത്ത് കയറാനാകൂ എന്ന് സി.പി മാത്യു, നേതാക്കളായ ഇ.എം.ആഗസ്തി, തോമസ് രാജൻ, മനോജ് മുരളി, കെ.ജെ.ബെന്നി, തോമസ് മൈക്കൾ എന്നിവർ പറഞ്ഞു.
















































































































