സമൂഹമാധ്യമങ്ങളിൽ ലൈക്കടിക്കുന്നതിന് പണം വാഗ്ദാനം ചെയ്ത് മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്; ഇരയായത് ആയിരക്കണക്കിന് മലയാളികൾ
തൃശൂർ∙ സമൂഹമാധ്യമങ്ങളിൽ ലൈക്കടിക്കുന്നതിന് പണം വാഗ്ദാനം ചെയ്ത് മൊബൈൽ ആപ്പ് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്. ബോവിനി എന്ന ആപ്പിലൂടെ തട്ടിപ്പിനിരയായത് ആയിരക്കണക്കിന് മലയാളികൾ. ഒരു ലൈക്കിന് 300 രൂപ വരെ വാഗ്ദാനം ചെയ്തു. പുതിയ ആളുകളെ ചേർക്കുന്നതിന് കമ്മിഷൻ നൽകി മണി ചെയിൻ മാതൃകയിലായിരുന്നു തട്ടിപ്പ്.
ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യങ്ങളിൽ ലൈക്കടിച്ചാൽ പണം നൽകുന്ന ആപ്പാണ് ബോവിനി. 2000 രൂപയാണ് ആപ്പിലേക്കുള്ള പ്രവേശന ഫീസ്. പിന്നെ എല്ലാ നിർദേശങ്ങളും ടെലിഗ്രാമിലെ ഗ്രൂപ്പിൽനിന്ന് ലഭിക്കും. 2000 രൂപ നൽകിയാൽ ഒരു ദിവസം 17 രൂപ നിരക്കിൽ ആറ് ലൈക്ക് ചെയ്യാം.
അങ്ങനെ 30 ദിവസമാകുമ്പോൾ 3,060 രൂപ കിട്ടും. നിക്ഷേപം കൂടുന്തോറും ലൈക്ക് അടിക്കാനുള്ള അവസരവും കൂടും. 2 ലക്ഷമാണ് നിക്ഷേപമെങ്കിൽ 300 രൂപ നിരക്കിൽ 30 ലൈക്കടിക്കാം. അങ്ങനെ 2 ലക്ഷം രൂപ ഇട്ട് 2.70 രൂപ വരെ തിരിച്ചുപിടിക്കാം. വെറും ലൈക്കിന് കിട്ടുന്ന ലാഭമാണ് ആളുകളെ ആകർഷിക്കുന്നത്. ആയിരത്തിലധികം പേരെ ബോവിനിയിൽ ചേർത്ത തൃശൂർ സ്വദേശിയായ വിദ്യാർഥി ജിഷ്ണു തട്ടിപ്പിനെക്കുറിച്ച് പറയുന്നത് ഇങ്ങനെ.
പണം നൽകിയിരുന്നതും ലഭിച്ചിരുന്നതും ആപ്പുകൾ വഴിയാണ്. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതൽ ബോവിനി ആപ്പും ആപ്പുകളിലെ അഡ്മിൻമാരും അപ്രത്യക്ഷരായി. മുങ്ങിയ തട്ടിപ്പുകാർ പുതിയ ആപ്പുകളുമായി രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും നാണക്കേട് കാരണം പൊലീസിനെ സമീപിക്കാത്തവരാണ് അധികവും. പരാതികളും തെളിവുകളും ലഭിച്ചാലേ പൊലീസിന് പ്രതികളെ പിടിക്കാനും കഴിയൂ.
English summary: Bovini Elite mobile app scam