പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ സ്ഥാനാഭിഷിക്തനായി
പരുമല ∙ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പൗരസ്ത്യ കാതോലിക്കാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ എന്ന പേരില്‍ കാതോലിക്കയായി സ്ഥാനാരോഹണം ചെയ്തു. പരുമല സെമിനാരിയില്‍ നടന്ന ചടങ്ങിന് കുറിയാക്കോസ് മാര്‍ ക്ലിമ്മീസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സഹകാര്‍മ്മികരായിരുന്നു.
വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷം സ്ഥാനാര്‍ഥിയുടെ ശിരസ്സില്‍ വേദപുസ്തകം വച്ച് വിശുദ്ധ സുവിശേഷ വായന നടത്തുകയും തുടര്‍ന്ന് വിശ്വാസ പ്രഖ്യാപനമായ ശല്‍മൂസാ സ്ഥാനാര്‍ത്ഥി വായിച്ച് ഒപ്പിച്ച് മുഖ്യകാര്‍മ്മികന് സമര്‍പ്പിക്കുകയും ചെയ്തു. സ്ഥാനാരോഹണ ശുശ്രൂഷയുടെ മുഖ്യഭാഗമായ മാര്‍ ക്ലിമ്മീസിന്റെ പരിശുദ്ധാഹ്വാന പ്രാര്‍ത്ഥന എല്ലാ മെത്രാപ്പോലീത്താമാരും സ്ഥാനാര്‍ത്ഥിയുടെ ശിരസ്സില്‍ കൈവച്ച് നിര്‍വ്വഹിച്ചു.
സ്ഥാനാരോഹണ പ്രഖ്യാപനത്തെ തുടര്‍ന്ന് സ്ഥാനം ഏറ്റ പിതാവ് യോഗ്യനാണ് എന്ന് അറിയിച്ചുകൊണ്ട് സിംഹാസനത്തില്‍ ഇരുത്തി ഓക്‌സിയോസ് ചൊല്ലി പ്രഖ്യാപിച്ചു. മെത്രാപ്പോലീത്താമാരെല്ലാം ചേര്‍ന്ന് അംശവടി നല്‍കുകയും അംശവടി കൊണ്ട് സ്ഥാനം ഏറ്റ കാതോലിക്കാ വിശ്വാസ സമൂഹത്തെ ആശീര്‍വദിക്കുകയും ചെയ്തു. കുര്‍ബ്ബാനയുടെ ശേഷിക്കുന്ന ഭാഗം പരിശുദ്ധ കാതോലിക്കാ ബാവാ പൂര്‍ത്തിയാക്കി.
കുറിയാക്കോസ് മാര്‍ ക്ലിമ്മീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുമോദന സമ്മേളനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, കര്‍ദിനാള്‍ മാര്‍ ക്ലിമ്മീസ്, ഡോ. യുയാക്കീം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, ബിഷപ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ് ഔഗേന്‍ കുറിയാക്കോസ,് മന്ത്രി വി.എന്‍.വാസവന്‍, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം. സി. കുറിയാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. അനുമോദനങ്ങള്‍ക്ക് മറുപടി പ്രസംഗത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ നന്ദി അറിയിച്ചു.
റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷൻ പരിശുദ്ധ കിറിള്‍ പാത്രിയര്‍ക്കീസ്, എംപിമാരായ അന്റോ ആന്റണി, തോമസ് ചാഴികാടന്‍, എംഎല്‍എ മാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മാത്യു ടി. തോമസ്, മോന്‍സ് ജോസഫ് എന്നിവര്‍ പരിശുദ്ധ ബാവാ തിരുമേനിക്ക് ആശംസ നേര്‍ന്നു. ഭദ്രാസനങ്ങളും വിവിധ സംഘടനകളും വ്യക്തികളും നവാഭിഷിക്തനായ ബാവാ തിരുമേനിക്ക് ഉപഹാരങ്ങള്‍ നല്‍കി.
സമാനതകളില്ലാത്ത സാമൂഹ്യ സേവനത്തിന്റെയും കാരുണ്യത്തിന്റെയും വറ്റാത്ത ഉറവയും ദൈവശാസ്ത്ര പണ്ഡിതനുമാണ് നവാഭിഷിക്തനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍. 1949 ഫെബ്രുവരി 12-ന് കോട്ടയം വാഴൂര്‍ മറ്റത്തില്‍ ചെറിയാന്‍ അന്ത്രയോസിന്റെയും മറിയാമ്മയുടെയും മകനായി ജനിച്ച അദ്ദേഹം ജന്മദേശത്തെ വിദ്യാലയങ്ങളില്‍ നിന്നായി പ്രാഥമിക വിദ്യാഭ്യാസവും കോട്ടയം സിഎംഎസ് കോളജില്‍ നിന്ന് ബിരുദവും പൂര്‍ത്തിയാക്കിയാണ് 1973-ല്‍ വൈദിക വിദ്യാഭ്യാസത്തിനായി കോട്ടയം പഴയ സെമിനാരിയില്‍ എത്തുന്നത്.
റഷ്യയിലെ ലെനിന്‍ഗ്രാഡ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും സെഞ്ച്വറി ബൈസ്റ്റാന്‍ഡ് ഓര്‍ത്തഡോക്‌സ് തിയോളജിക്കലില്‍ പിജി ഡിപ്ലോമ ലഭിച്ചു. റോമിലെ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സുറിയാനി പാരമ്പര്യത്തില്‍ മാമ്പൂഗിലെ മാര്‍ പീലക്‌സീനോസിന്റെ ക്രിസ്തു ശാസ്ത്ര ദര്‍ശനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. 1978-ല്‍ വൈദികനായ അദ്ദേഹം 1991-ല്‍ പരുമലയില്‍ വച്ച് എപ്പിസ്‌കോപ്പായായി അഭിഷിക്തനായി. 1993 മുതല്‍ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തായാണ്. പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി, വൈദിക സംഘം പ്രസിഡന്റ്, ബസ്‌ക്യാമ്മ അസോസിയേഷന്‍ പ്രസിഡന്റ്, സ്ലീബാദാസ സമൂഹം പ്രസിഡന്റ് തുടങ്ങിയ നിലകളിലും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചു.
കോട്ടയം പഴയ സെമിനാരിയുടെ വൈസ് പ്രസിഡന്റും ദിവ്യബോധനം പ്രസിഡന്റും ഇടുക്കി, മലബാര്‍ ഭദ്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്തായായും പ്രവര്‍ത്തിച്ച. ജാതി-മത ഭേദമന്യേ സാധുജനങ്ങള്‍ക്ക് നിസ്വാര്‍ത്ഥ സഹായം നൽകുന്ന 16 പ്രസ്ഥാനങ്ങളുടെ സ്ഥാപകനുമാണ്.
English Summary: Baselios Mar Thoma Mathews III Catholicos ordained as supreme head of the Malankara Orthodox Church