മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമം – കെയുഡബ്ല്യുജെ പ്രതിഷേധിച്ചു

രാജകുമാരിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ ഇടുക്കി ജില്ലാ ഘടകം ശ്ക്തമായി പ്രതിഷേധിച്ചു. ഇന്നലെ രാജകുമാരിയില്‍ എഐസിസി ജനറല്‍
സെക്രട്ടറി കെ.സി.വേണുഗോപാലിനോട് കൈരളി റിപ്പോര്‍ട്ടര്‍ അഖില്‍ ടി.എസ് ചോദ്യം ചോദിച്ചതോടെ സമീപത്തുണ്ടായിരുന്ന യുഡിഎഫ് പ്രവര്‍ത്തകര്‍ പെട്ടെന്ന് പ്രകോപിതരാകുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതോടെ മറ്റുമാധ്യമപ്രവര്‍ത്തകരും പ്രശ്‌നത്തില്‍ ഇടപെട്ടു. ഒടുവില്‍ യുഡിഎഫ് നേതാക്കളെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു. യുഡിഎഫ് പ്രവര്‍ത്തകര്‍ സമീപനാളില്‍ മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നതും ആക്രമിക്കാന്‍ ശ്രമിക്കുന്നതും പതിവായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത് അണികളെ കയറൂരി വിട്ടിരിക്കുകയാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ നേര്‍ക്ക് കുതിരകയറാന്‍ ആരേയും അനുവദിക്കില്ലെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളില്‍, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ പറഞ്ഞു.
















































































































