ഇന്നസെന്റിന്റെ ഡയലോഗുകള്‍ ഓര്‍ക്കാതെ കടന്നുപോകുന്ന ദിവസങ്ങളുണ്ടോ മലയാളിക്ക്; ഓര്‍മകളില്‍ ചിരിയുടെ തമ്പുരാന്‍

മലയാള ചലച്ചിത്രലോകത്തെ ചിരിയുടെ തമ്പുരാന്‍ ഇന്നസെന്റ് വിടവാങ്ങിയിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം. അഞ്ച് പതിറ്റാണ്ടിലേറെ ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അതുല്യനടന്‍ മലയാള സിനിമയില്‍ അവശേഷിപ്പിച്ച വിടവ് നികത്തപ്പെട്ടിട്ടില്ല.
ഇരിങ്ങാലക്കുടക്കാരന്റെ തനിനാടന്‍ ശൈലിയിലുള്ള സംഭാഷണങ്ങളും അതുല്യമായ മെയ്വഴക്കവും സ്വാഭാവിക അഭിനയവുമാണ് ഇന്നസെന്റിനെ മലയാളികളുടെ പ്രിയങ്കരനാക്കിയത്. മാന്നാര്‍ മത്തായി സ്പീക്കിങ്, ചന്ദ്രലേഖ, മനസിനക്കരെ, റാംജി റാവു സ്പീക്കിങ്, കല്യാണരാമന്‍ തുടങ്ങി നിരവധി സിനിമകളിലൂടെ ഇന്നസെന്റ് മലയാളികളെ ചിരിപ്പിച്ചു. ദേവാസുരം, രാവണപ്രഭു, കാബൂളിവാല തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം കരയിച്ചു.
എണ്ണംപറഞ്ഞ ചില വില്ലന്‍കഥാപാത്രങ്ങളും ഇന്നസെന്റ് അസാധ്യമായി ചെയ്ത് ഫലിപ്പിച്ചു. പൊന്‍മുട്ടയിടുന്ന താറാവിലെ പണിക്കര്‍, മഴവില്‍ക്കാവടിയിലെ ശങ്കരന്‍കുട്ടി മേനോന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ മലയാളിക്ക് എന്നും ഗൃഹാതുരത സമ്മാനിച്ച് നിലനില്‍ക്കും.
തെക്കേത്തല വറീതിന്റേയും മര്‍ഗലീത്തയുടേയും മകനായി ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. 8 ആം ക്ലാസില്‍ പഠിപ്പ് നിര്‍ത്തി ബിസിനസും രാഷ്ട്രീയവും പയറ്റി സിനിമാ നിര്‍മാതാവായി ഒടുവില്‍ മലയാളത്തിലെ ഹാസ്യസാമ്രാട്ടായി അരങ്ങു വാണു..ഇതിനിടെ ചാലക്കുടിയെ പ്രതിനിധീകരിച്ച് ലോക്‌സഭയിലുമെത്തി. താരസംഘടന അമ്മയുടെ പ്രസിഡന്റായി 15 വര്‍ഷം പ്രവര്‍ത്തിച്ചു.
















































































































