ജിസിസി രാജ്യങ്ങള്‍ക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം; മിസൈലുകള്‍ തകര്‍ത്ത് സൗദി പ്രതിരോധ സേന

ജിസിസി രാജ്യങ്ങള്‍ക്ക് നേരെ വീണ്ടും ഇറാന്റെ ആക്രമണ ശ്രമം. സൗദി അറേബ്യ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെയും ഡ്രോണുകളെയും പ്രതിരോധ സേന തകര്‍ത്തു. ഇറാന് എംബസി ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനകം രാജ്യം വിടാന്‍ സൗദി അറേബ്യ ഉത്തരവിട്ടു. ഖത്തറില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു.
കഴിഞ്ഞ രാത്രിയും ഇന്ന് പകലുമായി ജിസിസി രാജ്യങ്ങളെ ലക്ഷ്യമാക്കി വലിയ രീതിയിലുള്ള ആക്രമണശ്രമങ്ങള്‍ ഉണ്ടായി. സൗദിയുടെ കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 20 ഡ്രോണുകള്‍ പ്രതിരോധ വിഭാഗം വിജയകരമായി തകര്‍ത്തു. ഇതിനുപുറമെ റിയാദ് നഗരത്തെ ലക്ഷ്യം വെച്ച് മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചും ആക്രമണം ഉണ്ടായി. ഇതില്‍ ഒന്ന് പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകര്‍ത്തു. മറ്റ് രണ്ട് മിസൈലുകള്‍ വിജനമായ പ്രദേശത്താണ് പതിച്ചതെന്നും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. യുഎഇയിലെ റാസല്‍ ഖൈമയിലും ആക്രമണ ശ്രമങ്ങള്‍ ഉണ്ടായി. യുഎഇയില്‍ ഇതുവരെ നടന്ന വിവിധ ആക്രമണങ്ങളില്‍ പരുക്കേറ്റവരുടെ എണ്ണം 160 ആയി ഉയര്‍ന്നു. കുവൈറ്റ്, ബഹ്റൈന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ നിലവില്‍ ആക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
അതേസമയം, ഖത്തറില്‍ ഞായറാഴ്ച പുലര്‍ച്ചെ സൈനിക ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് കടലില്‍ വീണു. പതിവ് ഡ്യൂട്ടിക്കിടെ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. കാണാതായ ഉദ്യോഗസ്ഥര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഈ സൈനിക നീക്കങ്ങള്‍ക്കിടയില്‍ നയതന്ത്രതലത്തില്‍ കടുത്ത നിലപാടിലേക്ക് സൗദി അറേബ്യ കടന്നു. റിയാദിലെ ഇറാന് എംബസിയിലുള്ള മിലിട്ടറി അറ്റാഷെ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരോട് 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ സൗദി ആവശ്യപ്പെട്ടു. 2023-ലെ ബീജിംഗ് കരാറിന്റെ ലംഘനമാണ് ഇറാന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ആരോപിച്ച സൗദി, രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഐക്യരാഷ്ട്രസഭയുടെ ആര്‍ട്ടിക്കിള്‍ 51 പ്രകാരം ഏതറ്റം വരെയും പോകുമെന്ന് മുന്നറിയിപ്പ് നല്കി.
















































































































