കട്ടപ്പന പോലീസ് സ്റ്റേഷനിലെത്തിയ കൊച്ചു മിടുക്കർ

പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ നേരിട്ടു കണ്ടറിയാൻ കല്ലുകുന്ന് അംഗനവാടിയിലെ വിദ്യാർത്ഥികൾ കട്ടപ്പന പോലീസ് സ്റ്റേഷൻ സന്ദർശിച്ചു. കുട്ടികളിൽ പോലീസിനെക്കുറിച്ചുള്ള ഭയം അകറ്റുന്നതിനും നിയമവ്യവസ്ഥയെക്കുറിച്ച് അവബോധം നൽകുന്നതിനുമായാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്. കട്ടപ്പന പോലീസ് സബ് ഇൻസ്പെക്ടർ ബേബി ബിജുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ മധുരം നൽകി സ്വീകരിച്ചു. ഒരു പോലീസ് സ്റ്റേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ എങ്ങനെയൊക്കെയാണെന്നും, ക്രമസമാധാന പാലനത്തിൽ പോലീസിന്റെ പങ്കെന്താണെന്നും പബ്ലിക് റിലേഷൻ ഓഫീസർ ആയ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സതീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിൻസ് വർഗീസ്, ഫൈസൽ, എബിൻ ജോൺ, സിവിൽ പോലീസ് ഓഫീസർ ശരണ്യ പ്രസാദ് എന്നിവർ കുട്ടികൾക്ക് ലളിതമായി വിവരിച്ചു. സ്റ്റേഷനിലെ വിവിധ ആയുധങ്ങൾ, അവയുടെ പ്രവർത്തന രീതികൾ, വയർലെസ് സംവിധാനങ്ങൾ എന്നിവ കുട്ടികൾക്ക് കൗതുകകരമായ അനുഭവമായി. നിയമം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പോലീസിനെ എപ്പോൾ വേണമെങ്കിലും സഹായത്തിനായി സമീപിക്കാമെന്നും ഉദ്യോഗസ്ഥർ കുട്ടികളെ അറിയിച്ചു.
















































































































