തുടർച്ചയായ ചുഴലികൾ, ന്യൂനമർദം, മഴയുടെ രീതി; ‘2018’ലെ അന്തരീക്ഷമെന്ന് ശാസ്ത്രജ്ഞർ
പാലക്കാട്∙ ശാന്തസമുദ്രം, ബംഗാൾ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിലെ ന്യൂനമർദങ്ങൾ ചേർന്ന് സംസ്ഥാനത്ത് ഇപ്പോൾ അനുഭവപ്പെടുന്നത് എതാണ്ട് 2018 ലെ പ്രളയസമയത്തെ അന്തരീക്ഷമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ നിരീക്ഷണം. ആ കാലത്തുണ്ടായ തുടർച്ചയായ ചുഴലികളും ന്യൂനമർദരൂപീകരണവും തുടർന്നുണ്ടായ മഴയുടെ രീതിയും സ്വഭാവുമാണ് പൊതുവേ ഇപ്പോൾ കാണുന്നത്. വ്യാപക പ്രളയത്തിന് സാധ്യതയില്ലെങ്കിലും പ്രാദേശിക കുത്തൊഴുക്കുകളും പ്രളയവും പലയിടത്തും ഉണ്ടായേക്കാം.
വിവിധ ചുഴലികളുടെ സമ്മർദ്ദവും സ്വാധീനവും അടുത്തദിവസം ഏതുരീതിയിൽ പ്രതിഫലിക്കുമെന്നു വ്യക്തമായി നിരീക്ഷിക്കാനും നിഗമനത്തിലെത്താനും കഴിയാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നാണു വിവിധ അറിയിപ്പുകൾ നൽകുന്ന സൂചന. നിലവിലുളളവയുടെ സ്വാധീനത്തിൽ കൂടുതൽ ചുഴലികൾ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇതുവരെയുള്ള മാതൃകകൾ അനുസരിച്ച് 16 വരെ കനത്ത മഴയ്ക്കാണ് സാധ്യത. പലയിടത്തും അതിതീവ്രമഴ ലഭിച്ചേക്കും.
∙ മലയോരങ്ങളിൽ തീവ്രമഴ ഉണ്ടായേക്കും
അന്തരീക്ഷത്തിന്റെ ഇപ്പോഴത്തെ സാഹചര്യവും കാറ്റിന്റെ ശക്തിയും കണക്കാക്കുമ്പോൾ മലയോരങ്ങൾ കേന്ദ്രീകരിച്ചും അതിനു സമീപവുമായിരിക്കാം തീവ്രമഴകൾ. അതിനാൽ മണ്ണൊലിപ്പും ഉരുൾപൊട്ടലും നേരിടാൻ ദുരന്തനിവാരണ അതോറിറ്റി തയാറെടുത്തുകഴിഞ്ഞു. അന്തരീക്ഷത്തിന്റെ പിരിമുറുക്കത്തിന്റെ തീവ്രതയിൽ പെട്ടന്നൊരു വലിയമാറ്റം നിലവിൽ പ്രതീക്ഷിക്കുന്നില്ല.
ശാന്തസമുദ്രത്തിൽ വിയറ്റ്നാമിനു സമീപം ഫെഡറിക് ഒാഷ്യനിൽ ചുഴലി അതിശക്തമാണ്. അതിന്റെ സ്വാധീനം ബംഗാൾ ഉൾക്കടലിൽ ഉൾപ്പെടെ എത്രസമയം നീണ്ടുനിൽക്കുമെന്നു വ്യക്തമാക്കാൻ കഴിയില്ലെന്ന് കാലാവസ്ഥാ ഗവേഷകൻ ഡോ. എം.കെ.സതീഷ്കുമാർ പറയുന്നു. വിവിധ കോണുകളിൽ നിന്നുളള കാറ്റ് ഫെഡറിക് ഒാഷ്യനിൽ കേന്ദ്രീകരിക്കുകയാണിപ്പോൾ, ചുഴലി കരതൊടുന്നതിന് പിന്നാലെ മറ്റൊന്നിനുള്ള സാധ്യതയും കാണുന്നുണ്ട്.
∙ ശക്തമായ കാറ്റിനും സാധ്യത
ചുഴലി കരകയറാൻ വൈകിയതിനാൽ ബംഗാൾ, അറബിക്കടൽ ചുഴലികൾക്ക് അതിവേഗം ലഭിക്കില്ലെന്ന നിഗമനവും ഉണ്ടെങ്കിലും വെള്ളിയാഴ്ചമുതൽ കടലിലും കരയിലും കാറ്റും മഴയും കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കാനുളള സാധ്യത കൂടുതലാണ്. കൂടുതൽ മഴ അപ്രതീക്ഷിതമായി പെയ്യുന്നതിനാൽ സ്ഥിതി നിസാരമല്ലെന്നും മുൻകരുതൽ എടുക്കണമെന്ന നിർദേശവും ഗവേഷകർ മുന്നോട്ടുവയ്ക്കുന്നു. കാറ്റും മർദങ്ങളും കേരളത്തിന്റെ തെക്കുഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്. ഇതിനിടയിൽ ബംഗാൾ ഉൾക്കടലിലെ ചുഴലി കൂടുതൽ ശക്തമായേക്കാം.
∙ മധ്യകേരളത്തിലും വടക്കും മഴ കനക്കും
നേരത്തെ ഗുജറാത്ത് തീരത്തുണ്ടായ ന്യൂനമർദത്തിന്റെ സ്വാധീനം ഇപ്പോഴും അറബിക്കടലിൽ നിലനിൽക്കുന്നതായും നിരീക്ഷണമുണ്ട്. മിക്കയിടത്തും കാലവർഷകാലംപോലെ തുടർച്ചയായി മഴ ലഭിക്കുമ്പോൾ ചില സ്ഥലങ്ങളിൽ അതു കിട്ടാത്ത സ്ഥിതിയുമുണ്ട്. ചെങ്ങന്നൂർ, വയനാട്ടിലെ കുപ്പാടി, ദേവികുളം, തൃശൂരിലെ വൈന്തല എന്നീ സ്ഥലങ്ങൾ അതിന് ഉദാഹരണമാണ്.
അറബിക്കടലിൽ കേരള–കർണാടക അതിർത്തിഭാഗത്തും ബംഗാൾ ഉൾക്കടലിൽ മധ്യ–കിഴക്കൻ മേഖലയിലുമാണ് ന്യൂനമർദം ശക്തിപ്പെടുന്നതെന്നു കൊച്ചിൻ സർവകലാശാല റഡാർ റിസർച്ച് കേന്ദ്രം അക്കാദമിക് കോർഡിനേറ്ററും കാലാവസ്ഥാ ശാസ്ത്രജ്ഞനുമായ ഡോ. എം.ജി.മനോജ് പറഞ്ഞു. ശാന്തസമുദ്രത്തിലേതുൾപ്പെടെയുള്ള മർദങ്ങളും ചുഴലികളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാൽ കേരളത്തെയാണ് കൂടുതൽ ബാധിക്കുക.
വരും ദിവസങ്ങളിൽ മധ്യകേരളത്തിലും ഒരു പരിധിവരെ വടക്കൻ കേരളത്തിലുമായിരിക്കും കനത്ത മഴ ലഭിക്കാൻ സാധ്യതയെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. 24 മണിക്കൂറിനുള്ളിൽ കരിപ്പുരിലും (25.4സെന്റീമിറ്റർ) മണ്ണാർക്കാടും ( 23.8 സെന്റിമീറ്റർ)കോഴിക്കോട് നഗരത്തിലും( 21.6 സെന്റീമീറ്റർ) അതിതീവ്രമഴ ലഭിച്ചു.
കാലാവസ്ഥ വ്യതിയാനത്തിന്റെ ശക്തമായ സൂചനയാണ് കാലവർഷം പിൻവാങ്ങുന്ന സമയത്ത് അന്തരീക്ഷത്തിലുണ്ടായ അസാധാരണ പ്രതിഭാസങ്ങൾ. ആഗോളതാപനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും അതിന്റെ പ്രത്യാഘാത സാധ്യതകളും വർഷങ്ങളായി വിശദീകരിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുന്നുണ്ടെങ്കിലും തുടർച്ചയായ കനത്ത മഴയും കടുത്ത വരൾച്ചയുമായി അതു കൂടുതൽ തീവ്രമായിക്കൊണ്ടിരിക്കുന്നുവെന്ന് ദക്ഷിണേന്ത്യയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ കൂട്ടായ്മയും ചൂണ്ടിക്കാണിക്കുന്നു.
English Summary: Kerala witnessing situation similar to 2018 flood, says experts