1000 മെഗാവാട്ട് കുറവ്, കൽക്കരി പ്രതിസന്ധി നീളും; കേരളത്തിൽ പവർകട്ട് വരും: വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി
രാജ്യം നേരിടുന്ന ഊർജ പ്രതിസന്ധി സംസ്ഥാനത്തെയും ബാധിച്ചെന്നും ഇത് നേരിടാൻ പവർകട്ട് ഏർപ്പെടുത്തേണ്ടി വരുമെന്നും വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് ലഭിക്കുന്ന വൈദ്യുതിയിൽ 1000 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. കൽക്കരി ക്ഷാമം ഉടൻ പരിഹരിക്കുമെന്ന് കരുതുന്നില്ലെന്നും അതുകൊണ്ട് പവർകട്ടിലേക്ക് പോകേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.
ജനങ്ങൾ വൈദ്യുതി ഉപയോഗിക്കുന്നത് നിയന്ത്രിക്കണം. വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കെഎസ്ഇബി കാര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കൽക്കരിക്ഷാമം രൂക്ഷമാകുന്നതോടെ രാജ്യം കനത്ത വൈദ്യുത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഇന്ത്യയിൽ ആകെ വൈദ്യുതി ഉൽപാദനത്തിന്റെ 70 ശതമാനത്തിനും കൽക്കരിയെയാണ് ആശ്രയിക്കുന്നത്. 135 താപവൈദ്യുതി നിലയങ്ങളിൽ 110 ഇടത്തും ക്ഷാമം അതിരൂക്ഷമാണ്. ഈ പ്രതിസന്ധി 6 മാസമെങ്കിലും തുടരുമെന്നാണു വിലയിരുത്തൽ.
കൽക്കരി ക്ഷാമത്തെ തുടർന്നു കേരളത്തിലും വൈദ്യുതി പ്രതിസന്ധി കൂടുതൽ വഷളാകാനാണു സാധ്യത. കേരളം ജലവൈദ്യുതിയെയാണു പ്രധാനമായും ആശ്രയിക്കുന്നതെങ്കിലും ദീർഘകാല കരാർ അനുസരിച്ചും കേന്ദ്ര വിഹിതമായും സംസ്ഥാനത്തിനു ലഭിക്കേണ്ട വൈദ്യുതിയിൽ കുറവു വരുമെന്നതാണു പ്രശ്നം. പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിന്റെ കുറവുണ്ടെങ്കിലും നിലവിൽ കാര്യമായ നിയന്ത്രണം ഇല്ല. എന്നാൽ, ഉപയോഗം വർധിച്ചാൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും.
English Summary : Kerala may face power cut if the coal shortage continues, says Minister K Krishnankutty