നിർഭയ നിശ പദ്ധതി

കേരള പോലീസിന്റെ സ്ത്രീ സുരക്ഷയ്ക്കായുള്ള ‘നിർഭയ നിശ’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 08.03.2026 തീയതി നടക്കുന്നതാണ്. രാത്രി 09 മണി മുതൽ രാവിലെ 05 മണിവരെ സ്ത്രീകൾക്ക് ജോലി, പഠനം, ചികിത്സ, കുടുംബപരവും വ്യക്തിപരവുമായ ആവശ്യങ്ങൾ എന്നിവയ്ക്കായി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ച് യാത്രചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന സുരക്ഷാ വെല്ലുവിളികൾക്ക് പോലീസ് സേനയുടെ എമർജൻസി റെസ്പോൺസ് ആൻഡ് സപ്പോർട്ട് സിസ്റ്റം (ഇ.ആർ.എസ്.എസ്), പോൽ -ആപ്പിലെ SOS ബട്ടൺ, 112 ഹെൽപ്പ് ലൈൻ, ജില്ലാ കൺട്രോൾ റൂമുകൾ, ഹൈവേ പട്രോൾ, പിങ്ക് പട്രോൾ വാഹനങ്ങൾ തുടങ്ങിയ അടിസ്ഥാന സംവിധാനങ്ങളുടെ ഏകോപനത്തിലൂടെ അടിയന്തര സഹായം ലഭ്യമാക്കുന്നതിനുള്ള നൂതന പദ്ധതിയാണ് നിർഭയ നിശ പദ്ധതി. അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 08 ന് സംസ്ഥാനത്തെ 14 ജില്ലകളിലും നടപ്പിലാക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. നിർഭയ നിശ പദ്ധതിയുടെ ഭാഗമായി സ്ത്രികൾ അധികമായി യാത്രചെയ്യുന്ന അപകട വേളകളിൽ തിരക്കുള്ള നഗരപ്രദേശങ്ങളിൽ എ.ഐ ക്യാമറകളും പൊതുസമൂഹത്തിൻ്റെ ശ്രദ്ധ ആകർഷിക്കാനായി അലാറം, പാനിക് ബട്ടൻ എന്നീ സൗകര്യമുള്ളതും കുറ്റവാളികളെ തിരിച്ചറിയുന്നതിനായി ഫേഷ്യൽ റിക്കവേഷൻ സംവിധാനത്തോടു കൂടിയതുമായ നിർഭയ നിശ സേഫ്റ്റി പോളുകൾ സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. പാനിക് ബട്ടൻ ഉൾപ്പെടെയുള്ള നിർഭയപോളുകൾ സ്ഥാപിക്കുന്നതു വഴി പ്രതിസന്ധിഘട്ടങ്ങളിൽ പോലീസ് എത്രയും വേഗം എത്തിക്കുവാൻ സാധിക്കുന്നതാണ്.
സ്ത്രീസുരക്ഷാ ഉറപ്പുവരുത്തുന്നതിനായി ഗാർഹിക പ്രശ്നപരിഹാര കേന്ദ്രങ്ങൾ, വനിതാ സ്വയം പ്രതിരോധ പരിശീലന പരിപാടി, നിർഭയ, പിങ്ക് പട്രോൾ തുടങ്ങി നിരവധി കർമ്മ പദ്ധതികൾ കേരള പോലീസ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. നിർഭയ നിശ പദ്ധതിയിലൂടെ കേരള പോലീസിൽ നിലവിൽ ലഭ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ആധുനിക സാങ്കേതികവിദ്യയും സംയോജിപ്പിച്ച് വനിത ശിശുവികസന വകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളുടെ സഹകരണത്തോടെ സമഗ്രവും ഏകികൃതവുമായ ഒരു സ്ത്രീ സുരക്ഷാ പദ്ധതിയാണ് ലക്ഷ്യമിടുന്നത്. ഇടുക്കി ജില്ലയിൽ 08.03.2026 തീയതി വൈകുന്നേരം 07.00 ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ വച്ച് നിർഭയ നിശ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നടത്തുന്നതാണ്.









































































