ഗെയ്ക്വാദ് (70), ഉത്തപ്പ (63) മിന്നി; ‘ബെസ്റ്റ് ഫിനിഷു’മായി ധോണി; ചെന്നൈ ഫൈനലിൽ
ദുബായ് ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനം ഒന്നാം ക്വാളിഫയറിലേക്കു കാത്തുവച്ച വെറ്ററൻ താരം റോബിൻ ഉത്തപ്പ; ഈ സീസണിലെ മികച്ച ഫോം ഒന്നാം ക്വാളിഫയറിലും തുടർന്ന യുവതാരം ഋതുരാജ് ഗെയ്‌ക്‌വാദ്. ഇടയ്ക്ക് കൂട്ടത്തകർച്ചയുമായി തോൽവിയിലേക്കെന്ന തോന്നലുയർത്തിയെങ്കിലും, ഉത്തപ്പ–ഗെയ്ക്‌വാദ് സഖ്യം സമ്മാനിച്ച അടിത്തറയ്ക്കൊപ്പം മഹേന്ദ്രസിങ് ധോണിയുടെ ‘ബെസ്റ്റ് ഫിനിഷിങ്’ കൂടിയായതോടെ ചെന്നൈ ശരിക്കും ‘സൂപ്പർ കിങ്സായി’. ഒന്നാം ക്വാളിഫയറിൽ പോയിന്റ് പട്ടികയിലെ ഒന്നാമൻമാരായ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈ ഐപിഎൽ 14–ാം സീസണിന്റെ ഫൈനലിൽ. അർധസെഞ്ചുറിയുമായി ചെന്നൈ ഇന്നിങ്സിന് അടിത്തറയിട്ട ഋതുരാജ് ഗെയ്ക്‌വാദാണ് കളിയിലെ കേമൻ.
ആവേശകരമായ പോരാട്ടത്തിൽ ഡൽഹിയെ നാലു വിക്കറ്റിന് തോൽപ്പിച്ചാണ് ചെന്നൈയുടെ കുതിപ്പ്. ഡൽഹി ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം രണ്ടു പന്തും നാലു വിക്കറ്റും ബാക്കിനിർത്തി ചെന്നൈ മറികടന്നു. സമ്മർദ്ദ ഘട്ടത്തിൽ ക്രീസിലെത്തിയ ധോണി ആറു പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 18 റൺസെടുത്ത് പുറത്താകാതെ നിന്നു. ഒന്നാം ക്വാളിഫയറിൽ തോറ്റെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ എലിമിനേറ്റർ പോരാട്ടത്തിൽ ജയിച്ചെത്തുന്നവരുമായി ഡൽഹിക്ക് ഫൈനൽ ബർത്തിനായി രണ്ടാം ക്വാളിഫയറിൽ മത്സരിക്കാം. ഒരുവേള പൂർണമായും കൈവിട്ടെന്നു തോന്നിയ മത്സരത്തിൽ മികച്ച ബോളിങ്ങും ഫീൽഡിങ്ങും സമാസമം ചേർത്ത് ഡൽഹി ശക്തമായി തിരിച്ചെത്തിയതാണ്. എന്നാൽ, അവസാന ഓവറിൽ ധോണിയുടെ ‘ഫിനിഷ്ങ് സ്കിൽസ്’ അവരുടെ കണക്കുകൂട്ടൽ തെറ്റിച്ചു.
50 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്സും സഹിതം 70 റണ്‍സെടുത്ത ഋതുരാജ് ഗെയ്‌ക്‌വാദാണ് ചെന്നൈയുടെ ടോപ് സ്കോറർ. റോബിൻ ഉത്തപ്പ 44 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 63 റൺസെടുത്തു. ഈ സീസണിൽ ലഭിച്ച രണ്ട് അവസരങ്ങളിലും നിരാശപ്പെടുത്തിയ ഉത്തപ്പയെ, നിർണായക മത്സരത്തിലും കൈവിടാതിരുന്ന ചെന്നൈ മാനേജ്മെന്റിന് ലഭിച്ച സമ്മാനമായി ഈ അർധസെഞ്ചുറി. സ്കോർ ബോർഡിൽ മൂന്നു റൺസുള്ളപ്പോൾ ഫാഫ് ഡുപ്ലേസിയുടെ വിക്കറ്റ് നഷ്ടമാക്കിയ ചെന്നൈയ്ക്ക്, രണ്ടാം വിക്കറ്റിൽ വെറും 77 പന്തിൽനിന്നും 110 റൺസ് കൂട്ടിച്ചേർത്ത ഉത്തപ്പ – ഗെയ്ക്‌വാദ് സഖ്യമാണ് കരുത്തായത്.
ചെന്നൈ നിരയിൽ ഫാഫ് ഡുപ്ലേസി (രണ്ടു പന്തിൽ ഒന്ന്), ഷാർദുൽ ഠാക്കൂർ (0), അമ്പാട്ടി റായുഡു (മൂന്നു പന്തിൽ ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. ഒരു വിക്കറ്റ് നഷ്ടത്തിൽ 113 റൺസെന്ന നിലയിൽനിന്ന് നാലു വിക്കറ്റ് നഷ്ടത്തിൽ 119 റൺസെന്ന നിലയിൽ തകർന്ന ചെന്നൈയ്ക്ക്, മോയിൻ അലിയെ കൂട്ടുപിടിച്ച് ഗെയ്ക്‌വാദ് നടത്തിയ രക്ഷാപ്രവർത്തനമാണ് തുണയായത്. മോയിൻ അലി 12 പന്തിൽ രണ്ടു ഫോറുകളോടെ 16 റൺസെടുത്തു. ഗെയ്‌ക്‌വാദും മോയിൻ അലിയും നിർണായക സമയത്ത് പുറത്തായെങ്കിലും ധോണിയുടെ ‘കൂൾ ഫിനിഷ്’ ചെന്നൈയെ കാത്തു. ധോണി ആറു പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 18 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇതിൽ മൂന്നു ഫോറുകളും ധോണി അവസാന ഓവറിൽ നേടിയതാണ്.
ഡൽഹിക്കായി ടോം കറൻ 3.4 ഓവറിൽ 29 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ആൻറിച് നോർട്യ നാല് ഓവറിൽ 31 റൺസ് വഴങ്ങിയും ആവേശ് ഖാൻ നാല് ഓവറിൽ 47 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.
∙ തകർത്തടിച്ച് പൃഥ്വി ഷാ, ഋഷഭ് പന്ത്
നേരത്തെ, ഓപ്പണർ പൃഥ്വി ഷാ, ഷിമ്രോൺ ഹെറ്റ്മയർ, ക്യാപ്റ്റൻ ഋഷഭ് പന്ത് എന്നിവരുടെ ബാറ്റിങ് മികവിലാണ് ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപിറ്റൽസ് മികച്ച സ്കോറിലെത്തിയത്. ആദ്യ ബാറ്റു ചെയ്തു ഡൽഹി, നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്തു. ടോസ് നേടിയ ചെന്നൈ ക്യാപ്റ്റൻ എം.എസ്.ധോണി ഡൽഹിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
പൃഥ്വി ഷാ – ശിഖർ ധവാൻ ഓപ്പണിങ് സഖ്യം ഒന്നാം വിക്കറ്റിൽ 36 റൺസ് കൂട്ടിച്ചേർത്തു. നാലാം ഓവറിൽ ഹെയ്സൽവുഡാണ് ധവാനെ വീഴ്ത്തിയത്. ഏഴു പന്തിൽ ഏഴു റൺസായിരുന്നു ധവാന്റെ സമ്പാദ്യം. ഹെയ്സൽവുഡിന്റെ തന്നെ തൊട്ടടുത്ത ഓവറിൽ ഒരു റൺസെടുത്ത ശ്രേയസ് അയ്യരും പുറത്തായി. പിന്നാലെയെത്തിയ അക്ഷർ പട്ടേലിനും അധിക ആയുസ്സ് ഉണ്ടായിരുന്നില്ല. 11 പന്തിൽ 10 റൺസെടുത്ത അക്ഷറിനെ മൊയീൻ അലിയാണ് പുറത്താക്കിയത്. മറുവശത്ത് പൃഥി ഷായുടെ ബാറ്റിങ്ങാണ് ഡൽഹി സ്കോർ ഉയർത്തിയത്.
49 പന്തിൽ മൂന്നു സിക്സറിന്റെയും 7 ഫോറിന്റെയും അകമ്പടിയോടെയാണ് പൃഥ്വി ഷാ 60 റൺസെടുത്തത്. 11 ഓവറിൽ രവീന്ദ്ര ജഡേജ ഷായെ ഡുപ്ലെസിയുടെ കൈകളിൽ എത്തിക്കുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ക്യപ്റ്റൻ പന്തും ഹെറ്റ്മയറും ഡൽഹിയെ വീണ്ടും മുന്നോട്ടു നയിച്ചു.
ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 83 റൺസെടുത്തു. 24 പന്തിൽ 37 റൺസെടുത്ത ഹെറ്റ്മയറിനെ ബ്രാവോ പുറത്താക്കി. 35 പന്തിൽ 51 റൺസുമായി പന്തും, ടോം കറനും (പൂജ്യം) പുറത്താകാതെ നിന്നു. ചെന്നൈക്കായി ജോഷ് ഹെയ്‌സൽവുഡ് രണ്ടും രവീന്ദ്ര ജഡേജ, മൊയീൻ അലി, ബ്രാവോ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
English Summary: Delhi Capitals vs Chennai Super Kings, Qualifier 1 – Live Cricket Score