സർക്കാർ ഓഫിസ് സേവനം എങ്ങനെ? എന്റെ ജില്ല ആപ്പിൽ ഇനിയെല്ലാം തുറന്നുപറയാം !
‘വളരെ മോശം പ്രവർത്തനം, സ്വജനപക്ഷപാതം’…
‘റേഷൻ കാർഡിന് അപേക്ഷ നൽകിയിട്ടു മാസങ്ങളായി, ഓഫിസിൽ ചെല്ലുമ്പോഴെല്ലാം പിന്നീടു വരാൻ പറയുന്നു’,
‘അർപ്പണ മനോഭാവമുള്ള ഉദ്യോഗസ്ഥർ, നല്ല പെരുമാറ്റം.. അഭിനന്ദനങ്ങൾ’…
സംസ്ഥാനത്തെ സർക്കാർ ഓഫിസുകളെക്കുറിച്ച് ജനങ്ങൾ തുറന്നു പറയുകയാണ്, അതും പരസ്യമായി. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫിസുകളുടെയും ഗവ. ആശുപത്രികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും പ്രവർത്തനം വിലയിരുത്താൻ അവസരമൊരുക്കിയ ‘എന്റെ ജില്ല’ മൊബൈൽ ആപ്പിലാണ് ഈ തുറന്നുപറച്ചിൽ.
പ്രവർത്തന മികവിന് ഒന്നു മുതൽ അഞ്ചുവരെ റേറ്റിങ്ങും നൽകാം. ഓരോ ഓഫിസിനെക്കുറിച്ചും രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ ആപ്പിലെ ലേറ്റസ്റ്റ് റിവ്യൂസ് എന്ന ഭാഗത്ത് എല്ലാവർക്കും വായിക്കാൻ കഴിയും. അതുകൊണ്ടുതന്നെ സ്ഥിരം പ്രശ്നക്കാർ ആരൊക്കെയെന്നും പ്രവർത്തന മികവു പ്രദർശിപ്പിക്കുന്നവർ ആരൊക്കെയെന്നും ഒറ്റനോട്ടത്തിൽ തിരിച്ചറിയാം.
കണ്ണൂർ ജില്ലാ ഭരണകൂടത്തിനു വേണ്ടി തയാറാക്കിയ ‘വീ ആർ കണ്ണൂർ’ ആപ്പിന്റെ മാതൃകയിൽ കണ്ണൂർ എൻഐസിയാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സർക്കാർ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി അപ്പ് ഒരുക്കിയത്. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ആപ് ഡൗൺലോഡ് ചെയ്ത ശേഷം ജില്ല തിരഞ്ഞെടുക്കാം.
പ്രതികരണങ്ങൾ മുഖ്യമന്ത്രിയുടെ ഓഫിസും കലക്ടർമാരും അതത് വകുപ്പു മേധാവികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്. ചില ഓഫിസുകളിലേക്ക് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നു നേരിട്ടും വിളിയെത്തും. അഭിപ്രായങ്ങൾ വകുപ്പുമേധാവികൾ അവരുടെ വകുപ്പിന്റെ ഔദ്യോഗിക വാട്സാപ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുന്നത് ൽസരബുദ്ധിയോടെ പ്രവർത്തിക്കാൻ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നു.
മികച്ച പ്രവർത്തനം കാഴ്ചവച്ചവരെ അഭിനന്ദിക്കാനും വിമർശനം ഏറ്റുവാങ്ങിയവരെ തിരുത്താനുമെല്ലാം ഇതിലൂടെ സാധിക്കുമെന്നു മിർ മുഹമ്മദലി പറഞ്ഞു. പതിനായിരത്തിലേറെ പേർ പ്ലേ സ്റ്റോറിൽ നിന്ന് ‘എന്റെ ജില്ലാ’ ആപ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞു. സർക്കാർ ഓഫിസുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്. ആപ്ലിക്കേഷനിലെ ഫോൺ നമ്പർ ക്ലിക്ക് ചെയ്താൽ നേരിട്ട് ഡയൽ ചെയ്യാനും കഴിയും. സ്ഥാപനത്തിന്റെ പേര് മലയാളത്തിലോ ഇംഗ്ലിഷിലോ ടൈപ്പ് ചെയ്തു തിരയാനും സൗകര്യമുണ്ട്. നിലവിൽ ആൻഡ്രോയിഡിൽ മാത്രമാണ് ആപ് ലഭ്യമാകുക.
English Summary : ‘Ente Jilla’ mobile application helps people to evaluate the services of government offices of Kerala