ഇടുക്കിയുടെ ആകാശസ്വപ്നങ്ങൾക്കു ചിറകു മുളപ്പിച്ച് മഞ്ഞുമലയിൽ വൈമാനിക പരിശീലനകേന്ദ്രം
ഇടുക്കിയുടെ ആകാശസ്വപ്നങ്ങൾക്കു ചിറകു മുളപ്പിച്ച് വണ്ടിപ്പെരിയാർ സത്രത്തിലെ മഞ്ഞുമലയിൽ എൻസിസിയുടെ ആദ്യത്തെ വൈമാനിക പരിശീലനകേന്ദ്രം നവംബർ ഒന്നിനു പ്രവർത്തനം ആരംഭിക്കും. ശബരിമല വിമാനത്താവളത്തിനു പ്രാഥമിക അനുമതി നൽകിയില്ലെങ്കിലും സന്നിധാനത്തിനു വിളിപ്പാടകലെയുള്ള സത്രം എയർസ്ട്രിപ്പിന്റെ പ്രവർത്തനം ആരംഭിക്കുന്നതിലൂടെ ശബരിമല വിമാനത്താവളത്തിനും അനുമതി ലഭിക്കുമെന്നാണു കരുതുന്നത്.
സത്രത്തിലെ മൈക്രോലൈറ്റ് എയർസ്ട്രിപ്പിനു ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷന്റെ ലൈസൻസ് ലഭിച്ചിട്ടുണ്ട്. എൻസിസി എയർ വിങ് കെഡറ്റുകൾക്കു പരിശീലനം നൽകാൻ എയർ സ്ട്രിപ് രൂപകൽപന ചെയ്തതു പൊതുമരാമത്തു വകുപ്പാണ്. നവംബർ ഒന്നിനു മുഖ്യമന്ത്രി എയർ സ്ട്രിപ് രാജ്യത്തിനു സമർപ്പിക്കും.
എൻസിസി കെഡറ്റുകൾക്കു വൈമാനികപരിശീലനം നൽകുന്ന രാജ്യത്തെ ആദ്യത്തെ പരിശീലനകേന്ദ്രമാണു സത്രത്തിലേത്. പ്രതിവർഷം ആയിരത്തോളം എൻസിസി കെഡറ്റുകൾക്കു സത്രം എയർസ്ട്രിപ്പിൽ പരിശീലനം നൽകാൻ സാധിക്കും. ഇടുക്കി ജില്ലയ്ക്കു മുൻഗണന ലഭിക്കുമ്പോഴും കോട്ടയം, പത്തനംതിട്ട ജില്ലകളിലെ 15 എൻസിസി ബറ്റാലിയനുകൾക്കും പരിഗണനയുണ്ട്.