അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈന്യവും തമ്മില്‍ വീണ്ടും സംഘര്‍ഷം
അരുണാചല്‍ പ്രദേശ്: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈന്യവും തമ്മില്‍ വീണ്ടും സംഘര്‍ഷം.
അരുണാചല്‍ പ്രദേശിലെ നിയന്ത്രണ രേഖ കടക്കാന്‍ ശ്രമിച്ച 200 ചൈനീസ് സൈനികരെ ഇന്ത്യന്‍ സേന തടഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ചൈനീസ് സൈന്യവുമായി ഇന്ത്യന്‍ സൈന്യം ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ടതായും സൂചന ഉണ്ട്. അതിര്‍ത്തിയോട് ചേര്‍ന്ന് 200 ഓളം ചൈനീസ് സൈനികരെ ഇന്ത്യന്‍ സൈന്യം തടഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. ലോക്കല്‍ കമാന്‍ഡേര്‍സിന്റെ ഇടപെട്ട് പ്രശനത്തിന് പരിഹാരം കണ്ടതോടെ സംഘര്‍ഷം ഒഴിവായി. ഏതാനും മണൂക്കൂറുകള്‍ നീണ്ടു നിന്ന ഏറ്റമുട്ടലില്‍ ഇന്ത്യന്‍ സേനയ്ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരില്‍ ഏതാനും ചൈനീസ് സൈനികരെ ഇന്ത്യന്‍ സേന തടവില്‍ വെച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഉഭയകക്ഷി കരാറുകളിലും പ്രോട്ടോക്കോളുകളിലും ഉറച്ചുനില്‍ക്കുമ്ബോള്‍ കിഴക്കന്‍ ലഡാക്കിന്റെ അതിര്‍ത്തിയില്‍ ശേഷിക്കുന്ന പ്രശ്നത്തില്‍ നേരത്തെയുള്ള പരിഹാരത്തിന് ചൈനയുടെ ഭാഗത്ത് നിന്നും ശ്രമം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ചൈനയുടെ ഭാഗത്തുനിന്നുള്ള പ്രകോപനപരമായ പെരുമാറ്റവും ഏകപക്ഷീയമായ നടപടികളും പ്രദേശത്ത് സമാധാനത്തിനും ശാന്തിക്കും ഭംഗം വരുത്തിയെന്ന് ഇന്ത്യ അറിയിച്ചതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ചൈനീസ് ഭാഗത്തുനിന്നുള്ള കടന്നുകയറ്റങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍, അത്തരം സൈനിക വശങ്ങളെക്കുറിച്ച് തനിക്ക് പ്രതികരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ഉഭയകക്ഷി ഉടമ്ബടികളും പ്രോട്ടോക്കോളുകളും പൂര്‍ണ്ണമായി പാലിച്ചുകൊണ്ട്, കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ അവശേഷിക്കുന്ന പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ ചൈന പ്രവര്‍ത്തിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ’, ബാഗ്ചി ഒരു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി