അടുത്ത സീസണിൽ ചെന്നൈക്കായി കളി തുടരുമോ എന്ന് ഉറപ്പില്ല: തുറന്നുപറഞ്ഞ് ധോണി
ദുബായ്∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) വരും സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി. അടുത്ത സീസണിൽ പുതിയതായി രണ്ടു ടീമുകൾ കൂടി വരുന്ന സാഹചര്യത്തിൽ തന്റെ ഭാവിയെന്താകുമെന്ന് അറിയില്ലെന്ന് ധോണി തുറന്നുപറഞ്ഞു. ഐപിഎൽ 14–ാം സീസണിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനു മുന്നോടിയായി സംസാരിക്കുമ്പോഴാണ് ധോണി തന്റെ ഭാവിയെക്കുറിച്ച് മനസ്സു തുറന്നത്. ഐപിഎൽ മെഗാ ലേലത്തിനു മുന്നോടിയായി എന്തൊക്കെ നിയന്ത്രണങ്ങളും ക്രമീകരണങ്ങളുമാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഏർപ്പെടുത്തുകയെന്ന് അറിയില്ലെന്നും ധോണി ചൂണ്ടിക്കാട്ടി.
‘അടുത്ത സീസണിലും നിങ്ങൾക്കെന്നെ മഞ്ഞ ജഴ്സിയിൽ കാണാം. പക്ഷേ, അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അതിന്റെ കാരണം പലതാണ്. വരും സീസണിൽ പുതിയതായി രണ്ടു ടീമുകൾ കൂടി ലീഗിന്റെ ഭാഗമാകുന്നുണ്ട്. മെഗാ ലേലത്തിനു മുന്നോടിയായി താരങ്ങളെ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ ഏർപ്പെടുത്തുന്ന ക്രമീകരണങ്ങള്‍ എന്തൊക്കെയാണെന്ന് ആർക്കുമറിയില്ല. എത്ര വിദേശ താരങ്ങളെയും എത്ര ഇന്ത്യൻ താരങ്ങളെയും നിലനിർത്താനാകുമെന്ന് അറിയില്ല. ഓരോ താരങ്ങളെയും നിലനിർത്തുന്നതിന്റെ ബാധ്യതയെന്താണെന്നും അറിയില്ല’ – ധോണി ചൂണ്ടിക്കാട്ടി.
‘ഐപിഎൽ മെഗാ ലേലവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും അറിയാതെ ടീമിൽ തുടരുന്നതിനെക്കുറിച്ച് അന്തിമമായി ഒന്നും പറയാനാകില്ല. അതുകൊണ്ട് എല്ലാം തെളിഞ്ഞുവരാനായി കാത്തിരിക്കുന്നു. എല്ലാവർക്കും നല്ലതുതന്നെ സംഭവിക്കുമെന്ന് കരുതാം’ – ധോണി പറഞ്ഞു.
അതിനിടെ, ഐപിഎലിൽ തന്റെ അവസാന മത്സരം ചെന്നൈയിൽ വച്ചു കളിക്കാനാകുമെന്ന് കഴിഞ്ഞ ദിവസം ധോണി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഇന്ത്യാ സിമന്റ്സിന്റെ 75–ാം വാർഷിക വേളയിലാണ് ധോണി ഇതേക്കുറിച്ച് മനസ്സു തുറന്നത്.
ഞാൻ ഇനിയും ചെന്നൈയ് സൂപ്പർ കിങ്സിനായി കളിക്കുന്നത് നിങ്ങൾക്ക് കാണാം. എന്റെ വിടവാങ്ങൽ മത്സരവും അവിടെയായിരിക്കും. അതുകൊണ്ട് എനിക്ക് യാത്രയയപ്പ് നൽകാനുള്ള അവസരം നിങ്ങൾക്കു ലഭിക്കും. ചെന്നൈയിൽ തിരിച്ചെത്തി അവിടെവച്ച് അവസാന മത്സരം കളിക്കാൻ എനിക്കാകുമെന്നാണ് കരുതുന്നത്. അവിടെ എല്ലാ ആരാധകരെയും കണ്ടുമുട്ടാനും കഴിയും’ – ധോണി പറഞ്ഞു.
English Summary: MS Dhoni says ‘lot of uncertainties’ around his future at CSK