ത്യാഗസ്മരണയിൽ അരുവിത്തുറ വല്യചൻമല തീർഥാടനത്തിന് തുടക്കമായി

അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ അമ്പത് നോമ്പാചരണത്തിനും വല്യച്ചൻ മല കയറ്റത്തിനും തുടക്കമായി.
നോമ്പാചരണത്തിനു തുടക്കം കുറിച്ച് ഇന്നലെ രാവിലെ ദേവാലായത്തിൽ വിഭൂതി തിരുക്കർമങ്ങളുടെ ഭാഗമായ ചാരം കൊണ്ട് നെറ്റിയിൽ കുരിശു വരക്കൽ ചടങ്ങ് നടന്നു. വികാരി ഫാ. മാത്യൂ ചന്ദ്രൻകുന്നേൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ. ഗോഡ്‌സൻ ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിത്തടത്തിൽ, ഫാ. സിറിൽ തയ്യിൽ എന്നിവർ കാർമികത്വം വഹിച്ചു.
വൈകുന്നേരം യേശുവിന്റെ പീഢാനുഭവ സ്മരണകൾ പുതുക്കി പള്ളിയിൽ നിന്നും മലയടിവാരത്തേക്ക് ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ ജപമാല പ്രദക്ഷിണം നടന്നു. തുടർന്ന് കുരിശിന്റ വഴി പ്രാർഥന ചൊല്ലി ആയിരങ്ങൾ അരുവിത്തുറ വല്യച്ചൻമല കയറി. വിശ്വാസികൾക്ക് ആത്മ പരിശോധനയ്ക്കും പശ്ചാത്തപിക്കാനും പാപ പരിഹാരത്തിനുമുള്ള അവസരമാണ് ഈ നോമ്പുകാലം.
നോമ്പ് ദിനങ്ങളിൽ ഉച്ചകഴിഞ്ഞ് 4 ന് അരുവിത്തുറ ദേവാലയത്തിൽ വി. കുർബാന, തുടർന്ന് വല്യച്ചൻ മലയടിവാരത്തേക്ക് ജപമാല പ്രദക്ഷിണം, 5.15 ന് മലമുകളിലേക്ക് കുരിശിന്റെ വഴി, 6ന് മലമുകളിൽ വചന സന്ദേശം, 6.15 ന് വി. കുർബാന.
തീർഥാടകർക്ക് മലയിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി വികാരി ഫാ. മാത്യൂ ചന്ദ്രൻകുന്നേൽ, കൈക്കാരന്മാരായ റോബിൻ ചന്ദ്രൻ കുന്നേൽ, ജയ്സൺ അരീപ്ലാക്കൽ, റോയി പള്ളിപ്പറമ്പിൽ, കുര്യാച്ചൻ കപ്പിലുമാക്കൽ എന്നിവർ പറഞ്ഞു.









































































