വീട്ടമ്മ കൊല്ലപ്പെട്ടിട്ട് ആറ് മാസം;പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തം
കട്ടപ്പന: കൊച്ചുതോവാള കൊച്ചുപുരയ്ക്കല്‍താഴത്ത് കെ.പി.ജോര്‍ജിന്റെ ഭാര്യ ചിന്നമ്മയുടെ (60) കൊലയാളിയെ പിടികൂടാത്ത പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തമായി. ചിന്നമ്മ കൊല്ലപ്പെട്ടിട്ട് ആറ് മാസങ്ങള്‍ തികയുകയാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിള അസോസിയേഷന്‍ കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ പ്രതിക്ഷേധ സമരം നടത്തി.
അസോസിയേഷന്‍ ഏരിയ സെക്രട്ടറി സുധര്‍മ മോഹന്‍ സമരം ഉദ്ഘാടനം ചെയ്തു. വീട്ടമ്മയുടെ കൊലയാളികളെ പിടികൂടാന്‍ പോലീസ് അനാസ്ഥ കാട്ടുകയാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ പൊതുസമൂഹം ശ്കതമായി പ്രതികരിക്കണമെന്നും സുധര്‍മ മോഹന്‍ പറഞ്ഞു.
ഏപ്രില്‍ എട്ടിന് പുലര്‍ച്ചെയാണ് വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറിയില്‍ കട്ടിലില്‍ നിന്നു വീണ നിലയില്‍ ചിന്നമ്മയെ കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ശ്വാസം മുട്ടിയാണ് മരണമെന്നു വ്യക്തമായത്. ശരീരത്തില്‍ കിടന്നിരുന്ന നാല് പവനോളം ആഭരണം നഷ്ടമായിട്ടുണ്ടെന്നും മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്നും ജോര്‍ജ് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല . അന്വേഷങ്ങള്‍ക്ക് കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചതായും പറയപ്പെടുന്നു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുക, പോലീസ് ഉദാസീനത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പൗരസമിതിയും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.
മഹിളാ അസോസിയേഷന്‍ കട്ടപ്പന ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ നടന്ന പ്രതിഷേധ സമരത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ സാലി ജോളി, പൊന്നമ്മ സുഗതന്‍, നഗരസഭ കൗണ്‍സിലര്‍ ധന്യ അനില്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ അനിത റെജി, ബിന്ദു മധുകുട്ടന്‍, ജലജ വിനോദ്, ഷൈനി എന്നിവര്‍ പങ്കെടുത്തു