എസ്.ഐ.ആർ: സംസ്ഥാനത്ത് മികച്ച പുരോഗതി-മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇടമലക്കുടി നിവാസികളോട് സംവദിച്ചു

തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ. ആർ) നടപ്പാക്കുന്നതിൽ കേരളം മികച്ച പുരോഗതി കൈവരിച്ചുവെന്നും നിശ്ചയിച്ചതിനേക്കാൾ രണ്ട് ദിവസം മുൻപേ നടപടികൾ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെ ഇടമലക്കുടി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. ഫെബ്രുവരി 14 ന് എസ്. ഐ. ആർ നടപടികൾ തീർക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും രണ്ട് ദിവസം മുൻപേ പൂർത്തീകരിക്കും. ഫെബ്രുവരി 21 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും മാറ്റങ്ങൾ വരുത്തുന്നതിനും വോട്ടർമാർക്ക് ബി.എൽ ഒ മാരെയോ ഇ. ആർ. ഒ മാരെയോ സമീപിക്കാം. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചാലും നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ തലേദിവസം വരെ പേര് ഉൾപ്പെടുത്താൻ കഴിയും.
62 നിയമസഭാ മണ്ഡലങ്ങളിൽ എസ്.ഐ.ആർ ഹിയറിംഗ് മുഴുവനായും പൂർത്തീകരിച്ചു. ദേവികുളം നിയോജകമണ്ഡലത്തിലും മണ്ഡലത്തിൽ ഉൾപ്പെടുന്ന ഇടമലക്കുടിയിലും ഹിയറിംഗ് കൃത്യമായി പൂർത്തീകരിക്കാൻ കഴിഞ്ഞു. ഹിയറിംഗിൽ യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ലെന്നാണ് ഇടമലക്കുടിയിലെ വോട്ടർമാർ അറിയിച്ചത്. വോട്ടർമാരും ബി.എൽ. ഒമാരും രാഷ്ട്രീയ പാർട്ടികളും ഇലക്ഷൻ വിഭാഗത്തിന് നല്ല പിന്തുണയാണ് നൽകിയതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഇഡലിപ്പാറക്കുടി, സൊസൈറ്റിക്കുടി, മീൻകുത്തിക്കുടി, അമ്പലപ്പടിക്കുടി ഉന്നതികളിലെ നിവാസികളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സംസാരിച്ചു. അമ്പലപ്പടിക്കുടി ഉന്നതിയിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ 90 വയസുള്ള ദൊരസ്വാമിയുടെ വീടും അദ്ദേഹം സന്ദർശിച്ചു. വോട്ടു ചെയ്യുന്നതിന് മുടക്കം വരുത്തരുതെന്നും മറ്റുള്ളവരെയും സമ്മതിദാന അവകാശം നിർവഹിക്കാൻ പ്രേരിപ്പിക്കണമെന്നും ദൊരസ്വാമിയെ അദ്ദേഹം ഓർമ്മിപ്പിച്ചു. പഞ്ചായത്തിലെ പോളിംഗ് ബൂത്തായ ഇടമലക്കുടി ഗവ. ട്രൈബൽ യു.പി സ്കൂളിലെ ക്രമീകരണങ്ങളും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിലയിരുത്തി. തുടർന്ന് ദേവികുളം നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ മൂന്നാർ ഗവ. വി.എച്ച്. എസ്. എസ് ആൻ്റ് ടി.ടി.ഐയും അദ്ദേഹം സന്ദർശിച്ചു.
ദേവികുളം സബ് കളക്ടർ ആര്യ വി.എം, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുജ വർഗീസ്, മൂന്നാർ ഡിവൈഎസ്.പി എസ്. ചന്ദ്രകുമാർ, ദേവികുളം തഹസീൽദാർ ജി. അജേഷ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. അഭിലാഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുരളി. കെ. ജി എന്നിവരും ഒപ്പമുണ്ടായിരുന്നു.
















































































































