പ്ലസ് വൺ അലോട്മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ട: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം∙ പ്ലസ് വൺ അലോട്മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്നു മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്ത് ഏകജാലക രീതിയിൽ പ്രവേശനം നടത്തുന്ന 2,70,188 സീറ്റുകളിലേക്ക് 4,65,219 വിദ്യാർഥികൾ അപേക്ഷിക്കുകയുണ്ടായി. ഇതിൽ മാതൃ ജില്ലയ്ക്കു പുറമേ മറ്റു ജില്ലകളിലും അപേക്ഷിച്ച 39,489 പേരുണ്ടായിരുന്നു. ആയതിനാൽ പ്രവേശനം നൽകേണ്ട യഥാർഥ അപേക്ഷകർ 4,25,730 മാത്രമാണ്.
ഒന്നാം അലോട്ട്മെന്റിൽ 2,01,489 പേർ പ്രവേശനം നേടുകയുണ്ടായി. ഒന്നാം അലോട്ട്മെന്റിൽ 17,065 വിദ്യാർഥികൾ പ്രവേശനം തേടിയിട്ടില്ല . രണ്ടാമത്തെ അലോട്ട്മെന്റിൽ 68,048 അപേക്ഷകർ പുതിയതായി പ്രവേശനം ലഭിച്ചു. കഴിഞ്ഞ 5 വർഷത്തെ പ്രവേശന തോതനുസരിച്ച് ആകെ 3,85,530 അപേക്ഷകർ മാത്രമേ പ്ലസ് വൺ പ്രവേശനം തേടാൻ സാധ്യതയുള്ളൂ.
അങ്ങനെയെങ്കിൽ, പ്രവേശനം ലഭിക്കുന്നതിനായി ഇനി സംസ്ഥാനത്ത് ആകെ 91,796 അപേക്ഷകർ ബാക്കിയുണ്ട്. അപേക്ഷിച്ച എല്ലാവരും പ്ലസ് വൺ പ്രവേശനം തേടുകയാണെങ്കിൽ ആകെ 1,31,996 അപേക്ഷകർക്കാണ് പ്രവേശനം ഉറപ്പാക്കേണ്ടി വരുന്നത്. എയിഡഡ് സ്കൂളുകളിലെ കമ്മ്യൂണിറ്റി ക്വോട്ട സീറ്റുകളിലെ അലോട്ട്മെന്റ്, എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് ക്വോട്ട പ്രവേശനം, അൺ എയ്ഡഡ് സ്കൂളുകളിലെ പ്രവേശനം എന്നിവയൊക്കെ 2021 ഒക്ടോബർ 7 മുതലേ ആരംഭിക്കുകയുള്ളു.
ഇത്തരത്തിൽ ലഭ്യമായ സീറ്റുകളും ഒഴിവ് വരുന്ന സ്പോർട്സ് ക്വോട്ട സീറ്റുകൾ, പൊതു മെറിറ്റ് ക്വോട്ട സീറ്റുകളായി പരിവർത്തനം ചെയ്യുമ്പോൾ ഉണ്ടാകുന്ന സീറ്റുകളും കൂടി കൂട്ടുമ്പോൾ സംസ്ഥാനത്ത് ആകെ 1,22,384 സീറ്റുകൾ ലഭ്യമാണ്. ഇതിനു പുറമെ വൊക്കേഷനൽ ഹയർ സെക്കൻഡറി, പോളിടെക്നിക്, ഐടിഐ മേഖലകളിലായി 97,283 സീറ്റുകളും ലഭ്യമാണെന്നും മന്ത്രി അറിയിച്ചു.
English Summary: No need to panic, on Plus one seat allotment, minister Sivankutti