മമതയുടെ വിധി ഇന്നറിയാം: കൗണ്ടിംഗ് ആരംഭിച്ചു
പശ്ചിമ ബംഗാളിൽ ഭബാനിപുര്‍ അടക്കം മൂന്നു മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. ഭബാനിപുര്‍ കൂടാതെ സംസർഗഞ്ച്, ജാംഗിപുർ എന്നീ നിയോജക മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചു.
ഭബാനിപൂരിൽനിന്നും ജനവിധി തേടിയ മമത ബാനർജിക്ക് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കിൽ ജയം അനിവാര്യമാണ്. ബിജെപിയിലെ പ്രിയങ്ക ടിബ്രെവാൾ ആണ് മമതയുടെ പ്രധാന എതിരാളി. സിപിഎമ്മിലെ ശ്രീജിബ് ബിശ്വാസ മത്സരരംഗത്തുണ്ട്.
ഏതാനും മാസങ്ങൾക്കു മുൻപ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ മുട്ടുകുത്തിച്ചെങ്കിലും, മമതാ പരാജയപ്പെട്ടിരുന്നു. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോടാണ് മമത തോറ്റത്.
മുഖ്യമന്ത്രിയായി സ്ഥാനമേറ്റ മമതയ്ക്ക് ആ സ്ഥാനത്ത് തുടരണമെങ്കിൽ നവംബറിനകം നിയമസഭയിലെത്തണം. ഉപതെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ ബിജെപി ശ്രമം നടത്തിയെങ്കിലും തൃണമൂൽ കോൺഗ്രസിന്റെ സമ്മർദ്ദശ്രമങ്ങളാണ് വിജയിച്ചത്. ഇതോടെയാണ് നിര്‍ണായക ഉപതെരഞ്ഞെടുപ്പിനുള്ള കളമൊരുങ്ങിയത്.