കുടുംബശ്രീ സി.ഡി എസ്സുകള്‍ക്ക് 3 കോടി രൂപവരെ മൈക്രോ ക്രെഡിറ്റ് വായ്പ
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസ്-കളില്‍ നിന്നും മൈക്രോ ക്രെഡിറ്റ്/മഹിളാ സമൃദ്ധിയോജന പദ്ധതി പ്രകാരം വായ്പയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. ഒരു കുടുംബശ്രീ സി.ഡി.എസ്സിന് പരമാവധി മൂന്ന് കോടി രൂപ വരെ വ്യവസ്ഥകള്‍ക്ക് വിധേയമായി വായ്പ അനുവദിക്കുന്നുതാണ്.
മറ്റു പിന്നോക്ക വിഭാഗ (ഒ.ബി.സി) ത്തില്‍പ്പെടുന്നവര്‍ക്കുവേണ്ടിയുള്ള ദേശീയ പിന്നോക്ക വിഭാഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ പദ്ധതി പ്രകാരം കുറഞ്ഞത് 60 ശതമാനം പേരെങ്കിലും ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ അനുവദിക്കാനാവും. വായ്പ എടുക്കുന്ന അയല്‍ക്കൂട്ടങ്ങളിലും 60 ശതമാനം പേര്‍ ഒ.ബി.സി. വിഭാഗത്തിലും ഉള്‍പ്പെട്ടവരാകാം. ബാക്കിയുള്ള 40 ശതമാനം പേര്‍ ഏതു വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുമാകാം. വാര്‍ഷിക കുടുംബ വരുമാനം 3 ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം.
മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയുള്ള ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ വായ്പാ പദ്ധതി പ്രകാരം അയല്‍ക്കൂട്ടങ്ങളിലെ 75% അംഗങ്ങള്‍ എങ്കിലും മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. ബാക്കിയുള്ള അംഗങ്ങള്‍ എത് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുമാകാം. എന്നാല്‍ ആകെ 60 ശതമാനം അംഗങ്ങള്‍ മാത്രം മതന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളില്‍ ബാക്കിയുള്ള മുഴുവന്‍ അംഗങ്ങളും SC/ST/OBC അംഗപരിമിത വിഭാഗത്തില്‍പ്പെടുന്ന പക്ഷം അത്തരം ഗ്രൂപ്പുകള്‍ക്കും വായ്പ അനുവദിക്കാനാവും. വാര്‍ഷിക കുടുംബ വരുമാനം ഗ്രാമപ്രദേശങ്ങളില്‍ 98,000 രൂപ വരെയും നഗര പ്രദേശങ്ങളില്‍ 1,20,000 രൂപ വരെയും ആയിരിക്കണം.
ശുചീകരണ / മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന അയല്‍കൂട്ടങ്ങള്‍ക്ക് ദേശീയ സഫായി കര്‍മ്മചാരീസ് ധനകാര്യ വികസന കോര്‍പ്പറേഷന്റെ പദ്ധതി പ്രകാരം വായ്പ അനുവദിക്കാനാവും. അംഗങ്ങള്‍ക്ക് മതം/ജാതി / കുടുംബ വാര്‍ഷിക വരുമാന പരിധി സംബന്ധിച്ച നിബന്ധനകള്‍ ഇല്ല. 50 ശതമാനം പേരെങ്കിലും ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. തൊഴിലുറപ്പ് പദ്ധതി, ഹരിത കര്‍മ്മസേന എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഉള്‍ക്കൊള്ളുന്ന അയല്‍കൂട്ടങ്ങള്‍ക്കും ഈ പദ്ധതി ഏറെ പ്രയോജനപ്പെടുത്താന്‍ കഴിയും.
പദ്ധതി പ്രകാരം അയല്‍കൂട്ടത്തിലെ അംഗങ്ങള്‍ക്ക് വ്യക്തിപരമായും ജെഎല്‍ജി ഗ്രൂപ്പുി്കളായും അയല്‍കൂട്ടാടിസ്ഥാനത്തിലും അയല്‍കൂട്ടങ്ങള്‍ ചേര്‍ന്ന് സിഡിഎസ് അടിസ്ഥാനത്തിലും ഏതു സംരംഭങ്ങളും നടത്താവുന്നതാണ്. മാലിന്യ സംസ്‌കരണ/ ശുചീകരണ / ഹരിത സാങ്കേതിക വിദ്യാ മേഖലയില്‍ പഞ്ചായത്ത് / മുന്‍സിപ്പാലിറ്റി അടിസ്ഥാനത്തിലും യോഗ്യമായ സംരംഭങ്ങള്‍ ആരംഭിക്കാവുന്നതാണ്.
മഹിളാ സമൃദ്ധി യോജന പ്രകാരമുള്ള വായ്പ 3 ശതമാനം നിരക്കിലും മൈക്രോ ക്രെഡിറ്റ് വായ്പ 4 ശതമാനം നിരക്കിലുമാണ് സി.ഡി.എസ്സുകള്‍ക്ക് അനുവദിക്കുന്നത്. സിഡിഎസിന് ഒരു ശതമാനം നിരക്കില്‍ മാര്‍ജിന്‍ എടുത്ത ശേഷം യഥാക്രമം 4,5 ശതമാനം നിരക്കില്‍ ഈ വായ്പ അയല്‍ക്കൂട്ടം അംഗങ്ങള്‍ക്ക് വിതരണം ചെയ്യേണ്ടതാണ്.
പ്രാഥമിക അപേക്ഷയും പദ്ധതിയുടെ വിശദാംശങ്ങളും www.ksbcdc.com എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. പ്രാഥമിക അപേക്ഷ കോര്‍പ്പറേഷന്റെ ജില്ലാ / ഉപജില്ലാ ഓഫീസുകളില്‍ ഒക്ടോബര്‍ 15 നകം സമര്‍പ്പിക്കണം. പ്രാഥമിക അപേക്ഷ പരിശോധിച്ച് അര്‍ഹരാണെന്ന് കണ്ടെത്തുന്ന സി.ഡി.എസ്സുകള്‍ വിശദമായ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്.
ഈ സാമ്പത്തിക വര്‍ഷം 230 കോടി രൂപ മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണമാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.