ഇത് മോന്‍സന്‍ മോഡലല്ല, ടോമീസ് മോഡല്‍; വീട് മ്യൂസിയമാക്കാന്‍ നാടുചുറ്റിയ കര്‍ഷകന്‍
കട്ടപ്പന: വീട് മ്യൂസിയമാക്കി കോടിയുടെ പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്‍സന്റെ വാര്‍ത്തകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ കട്ടപ്പനയിലുമുണ്ട് വീട് മ്യൂസിയമാക്കിയ ഒരാള്‍. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ ഒരു കോടിയിലധികം രൂപ പുരാവസ്തുക്കള്‍ക്കായി ചെലവഴിച്ച കര്‍ഷകനായ കട്ടപ്പന തൂങ്കുഴി കണ്ടത്തില്‍ ടോമി.
വാങ്ങിയ ഒരു പുരാവസ്തുപോലും ആര്‍ക്കും വില്‍ക്കാന്‍ ടോമി തയാറല്ല. എല്ലാം നിധിപോലെ സൂക്ഷിക്കുകയാണ് ഈ മലയോര കര്‍ഷകന്‍. പുരാവസ്തു ശേഖരം തുടങ്ങിയിട്ട് പത്തു വര്‍ഷം പിന്നിടുന്നു. വീട് പുരാവസ്തുക്കള്‍ക്കൊണ്ട് നിറഞ്ഞതോടെ വീടിനോട് ചേര്‍ന്ന് ഏതാനും വര്‍ഷം മുമ്പ് ടോമി ഒരു മ്യൂസിയം തന്നെ പണികഴിപ്പിച്ചു. കോവിഡിന് തൊട്ടുമുമ്പുവരെ പുരാവസ്തുക്കള്‍ തേടിയുള്ള ടോമിയുടെ യാത്രകള്‍ക്ക് മുടക്കമുണ്ടായിരുന്നില്ല. പലതിനും പറയുന്ന വിലയില്‍ ടോമി സ്വന്തമാക്കുകയും ചെയ്യും. രണ്ടരയേക്കര്‍ ഏലത്തോട്ടത്തിന് നടുവിലാണ് ടോമിയുടെ വീടും വീടിനോടു ചേര്‍ന്നുള്ള മ്യൂസിയവും.
പോര്‍ച്ചുഗീസ് കാലത്തെ പള്ളി പൊളിച്ചപ്പോള്‍ ലഭിച്ച 300 വര്‍ഷം പഴക്കമുള്ള സബ്ക്കാരി, തിരുവിതാംകൂര്‍ മഹാരാജാവിന്റെ കാലത്തെ വെള്ളയോടില്‍ തീര്‍ത്ത വാര്‍പ്പ്, മൃഗത്തോലില്‍ എഴുതിയ പത്ത് കല്‍പനകള്‍, രാജഭരണകാലത്തെ വാളുകള്‍, അമൂല്യമായ താളിയോലഗ്രന്ഥങ്ങള്‍, ആമാടപ്പെട്ടി, കുന്തം, നെയ്ത്ത് യന്ത്രം, ഗ്രാമഫോണ്‍, പകിട, ചെമ്പ്, ഓട്ടുപാത്രങ്ങള്‍, വിളക്കുകള്‍, വടക്കുനോക്കിയന്ത്രം, ഹുക്ക, ചുണ്ണാമ്പിന്‍ചൂത, വെറ്റിലച്ചെല്ലം, കാട്ടുനാഴി, ചെമ്പാണി, 50 രാജ്യങ്ങളിലെ അപൂര്‍വ നാണയങ്ങള്‍, സ്റ്റാമ്പുകള്‍, തൂക്ക് കല്ലുകള്‍, വികേ്ടാറിയ രാജ്ഞിയുടെ മുദ്രപത്രം, മൂന്നര നൂറ്റാണ്ട് പഴക്കമുള്ള വാല്‍ക്കിണ്ടി തുടങ്ങി അപൂര്‍വ ശേഖരങ്ങള്‍ കൊണ്ട് മ്യൂസിയം നിറഞ്ഞിരിക്കുകയാണ്. മ്യൂസിയത്തിലെ പ്രത്യേക ഗുഹയ്ക്കുള്ളില്‍ വിശുദ്ധ ഗ്രന്ഥങ്ങളും താളിയോലകളും സൂക്ഷിച്ചിരിക്കുന്നു.
പാകിസ്ഥാനില്‍ നിന്ന് കൊണ്ടുവന്ന 150 വര്‍ഷം പഴക്കമുള്ള ഖുര്‍ആന്‍, മരത്തിന്റെ കറ ഉപയോഗിച്ചെഴുതിയ 115 വര്‍ഷം പഴക്കമുള്ള ബൈബിള്‍, താളിയോലയില്‍ എഴുതിയ രാമായണം, മാന്ത്രിക ഗ്രന്ഥങ്ങള്‍ എന്നിവ ഗുഹയ്ക്കുള്ളില്‍ പ്രത്യേകം തയാറാക്കിയ സ്ഥലത്താണ് സൂക്ഷിച്ചിരിക്കുന്നത്. ടോമിയുടെ പുരാവസ്തുശേഖരം കാണുവാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നു പോലും നിരവധി ആളുകളാണ് കട്ടപ്പനയില്‍ എത്തുന്നത്.