ഒരു ചുഴലിയിൽനിന്ന് മറ്റൊന്ന് അത്യപൂർവം; കേരളത്തിൽ കനത്ത ഇടിയും മിന്നലും മഴയും
പാലക്കാട് ∙ ഗുലാബ് ചുഴലി ദുർബലമായ ശേഷം കൂടുതൽ ശക്തിയോടെ മറ്റൊരു ചുഴലിയായി ഉയർന്നതിന്റെ ഫലമാണ് കേരളത്തിലെ തുടർച്ചയായ കനത്ത ഇടിയും ഇടവിട്ടുള്ള മഴയുമെന്നു കാലാവസ്ഥാ വകുപ്പ്. പുതിയ ചുഴലിയായ ഷഹീൻ ഗുജറാത്തിന്റെ തീരത്തുനിന്ന് ഒമാൻ ഭാഗത്തേക്ക് നീങ്ങിത്തുടങ്ങി. അറബിക്കടലിൽ തമിഴ്നാടിന്റെ ഭാഗത്തുണ്ടായ ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ കാർമേഘങ്ങൾ വൻതോതിൽ കേരളത്തിലൂടെ കടന്നുപോകുമെന്നു കാലാവസ്ഥാ ഗവേഷകർ പറയുന്നു.
അഞ്ചാം തീയതിവരെ ഇടിയും മിന്നലും മഴയും ചേർന്ന കാലാവസ്ഥ തുടരുമെന്നാണ് അറിയിപ്പ്. അന്തരീക്ഷത്തിലെ പലഭാഗങ്ങളിൽ നിന്നുള്ള സമ്മർദങ്ങൾ കാരണം കാലവർഷത്തിന്റെ പിൻവാങ്ങൾ പതിവിലും വൈകുമെന്ന നിരീക്ഷണമുണ്ടെങ്കിലും തുലാവർഷം സാധാരണഗതിയിൽ ലഭിക്കുമെന്നാണ് നിഗമനം. ജൂൺ ഒന്നിന് ആരംഭിച്ച് സെപ്റ്റംബർ 30നാണ് കാലവർഷം സാധാരണ പിൻവാങ്ങാറുള്ളത്.
സാധാരണഗതിയിൽ കാലവർഷം അവസാനിക്കുന്ന സമയത്ത് ചുഴലിയും ന്യൂനമർദങ്ങളും ഉണ്ടാകാറില്ല. പതിവുതെറ്റിച്ച് ഇത്തവണ എത്തിയ ഗുലാബ് ചുഴലി അന്തരീക്ഷത്തിലെ സ്ഥിതിഗതികൾ മാറ്റിമാറിച്ചു. ഒരു ചുഴലി അവസാനിക്കുന്നിടത്തുനിന്നു മറ്റൊരു ചുഴലിയാകുന്ന പ്രതിഭാസവും അത്യപൂർവമാണ്. ശക്തമായ ഷഹീൻ ചുഴലി രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വലിയ നാശം ഉണ്ടാക്കി.
അത് ഒമാൻ മേഖലയിലേക്കു ഗതിമാറിയെങ്കിലും ചക്രവാതമാണ് കേരളത്തിനു പ്രതികൂലമായത്. അന്തരീക്ഷത്തിലുണ്ടാകുന്ന സമ്മർദ കേന്ദ്രമാണ് ചക്രവാതമായി അറിയപ്പെടുന്നത്. സാധാരണ മൂന്നു ദിവസംവരെ നീണ്ടുനിൽക്കുന്ന ഇത്, ഈർപ്പം വർധിച്ചാൽ പെട്ടെന്ന് പിൻവാങ്ങില്ലെന്നു മാത്രമല്ല, ന്യൂനമർദമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് കാലാവസ്ഥ ഗവേഷകൻ ഡോ. എം.കെ.സതീഷ്കുമാർ പറഞ്ഞു.
ചക്രവാതം കാരണം തെക്കൻ കേരളത്തിലായിരിക്കും കൂടുതൽ മഴയ്ക്കു സാധ്യത. ഇടിയും മിന്നലും പരക്കെയുണ്ടാകും. ഇടവിട്ടുള്ള കനത്തമഴയും ഇടിയും മിന്നലും ഉണ്ടാകുമെന്നതിനാൽ ഷഹീൻ ചുഴലിയുടെ ഗതിക്ക് വേഗം കുറയുമെന്നും നിഗമനമുണ്ട്. ഇതിനിടെ ബംഗാൾ ഉൾക്കടലിൽ പുതിയ ചുഴലിയുണ്ടായേക്കുമെന്ന നിരീക്ഷണവും വിദഗ്ധർ പങ്കുവയ്ക്കുന്നു.
കടലിലെ സന്തുലിതാവസ്ഥയിലെ മാറ്റവും ഷഹീന്റെ ശക്തിയുംവ്യാപ്തിയും വർധിപ്പിക്കും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകൾ യഥാസമയം ലഭിച്ചതിനാൽ ഗുലാബ് ചുഴലിയിൽ കൂടുതൽ ദുരന്തങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞു. പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ ആന്ധ്രപ്രദേശിൽ മുൻകരുതൽ നടപടികളും രക്ഷാപ്രവർത്തനവും ഏകോപിപ്പിക്കാൻ കഴിഞ്ഞതു നേട്ടമായി. പ്രവചനത്തിലെ കൃത്യത എത്രത്തോളം അധികൃതർക്കും ജനങ്ങൾക്കും ഉപകാരപ്രദമാകുമെന്നതിന് മറ്റൊരു ഉദാഹരണമാണ് ഗുലാബിന്റെ കാര്യത്തിലുണ്ടായതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
Engilish Summary : How cyclone Shaheen affect Kerala?