വിതണത്തിന് തയ്യാറായി ഉമ നെല്‍വിത്ത്; കരിമണ്ണൂരില്‍ കൊയ്ത്തുല്‍സവം നടത്തി
ഇടുക്കി ജില്ലയിലെ കരിമണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന വിത്തുല്‍പാദന കേന്ദ്രത്തില്‍ നിന്നും ഉമ നെല്‍ വിത്ത് വിതരണത്തിന് തയ്യാറായി. ഇതോടനുബന്ധിച്ച് ഫാമിന്റെ ഉടമസ്ഥതയിലുള്ള പാടത്ത് വിരിപ്പ് നെല്‍ കൃഷിയുടെ കൊയ്ത്തുത്സവം നടത്തി. ഉമ ഇനത്തില്‍പ്പെട്ട നെല്‍വിത്താണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. പൂര്‍ണ്ണമായും വിത്തിന് വേണ്ടിയാണ് കരിമണ്ണൂര്‍ ഫാമിലെ നെല്‍കൃഷി. രണ്ടു സീസണുകളിലായി 20 ടണ്ണിന് മുകളില്‍ നെല്‍ വിത്ത് ഇവിടെ നിന്നും ഉല്‍പ്പാദിപ്പിച്ച് സംസ്ഥാനത്തൊട്ടാകെ വിതരണം ചെയ്യുന്നുണ്ട്.
ഫാമിന്റെ ഉടമസ്ഥതയിലുള്ള 4.34 ഹെക്ടര്‍ പാടമാണ് നെല്‍കൃഷിക്കായി ഉപയോഗിക്കുന്നത്. ഇതിനായി എട്ട് സ്ഥിരം ജോലിക്കാരും ആറ് താല്‍ക്കാലിക ജീവനക്കാരും ഉള്‍പ്പെടെ 14 തൊഴിലാളികള്‍ ഫാമില്‍ ജോലി ചെയ്യുന്നുണ്ട്. രണ്ട് സീസണുകളിലായാണ് ഇവിടെ കൃഷി ചെയ്യുന്നത്. വിരിപ്പ് കൃഷി ജൂണ്‍ മാസത്തിലും മുണ്ടകന്‍ കൃഷി ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലും തുടങ്ങും. വിത്ത് വിതച്ച് നാല് മാസം കൊണ്ട് വിളവെടുപ്പ് പൂര്‍ത്തിയാകും. ജൈവ വളത്തിനാണ് മുന്‍ഗണനയെങ്കിലും അത്യാവശ്യ ഘട്ടത്തില്‍ ചെറിയ തൊതില്‍ രാസ വളങ്ങളും ഉപയോഗിക്കും. കൃഷിക്കാവശ്യമായ ജലം ലഭ്യമാക്കുന്നതിനായി ഫാമിന്റെ വിവിധയിടങ്ങളിലായി കുളങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.കൊയ്‌തെടുക്കുന്ന നെല്ല് പ്രധാനമായും സംസ്ഥാന വിത്ത് വിതരണ ഏജന്‍സിയായ തൃശൂര്‍ കെ.എസ്.എസ്.ഡി.എ. യാണ് സംഭരിക്കുന്നത്. കെഎസ്എസ്ഡിഎ യുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ കൃഷി ഭവനുകള്‍ വഴിയും മറ്റും നെല്‍ വിത്ത് വിതരണം ചെയ്യും. കിലോക്ക് 40 രൂപയ്ക്കാണ് ഫാമില്‍ നിന്നും കെഎസ്എസ്ഡിഎ ക്ക് വിത്ത് നെല്ല് കൈമാറുന്നത്. ഫാമിലെത്തി നേരിട്ട് വാങ്ങുന്നവര്‍ക്കും ഇതേ വിലക്ക് തന്നെ വിത്ത് നല്‍കും.
1959 ലാണ് ഫാമിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 2017 വരെ ഇവിടെ നെല്‍കൃഷി മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തേനീച്ച കൃഷി, പശു വളര്‍ത്തല്‍, മത്സ്യ കൃഷി, പച്ചക്കറി കൃഷി തുടങ്ങി വിവിധയിനം കൃഷിയും ഇവിടെ നടത്തുന്നുണ്ട്. ഫാം സൂപ്രണ്ട്, അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ്, മൂന്ന് ഓഫീസ് സ്റ്റാഫുകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഫാമിന്റെ പ്രവര്‍ത്തനം. ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് ഫാം.ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷകുമാരി മോഹന്‍ദാസ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ജോണ്‍സണ്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. ഭവ്യ, ജില്ലാ പഞ്ചായത്തംഗങ്ങളായ പ്രൊഫ. എം.ജെ.ജേക്കബ്ബ്, എസ്. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ബിജു തോമസ് പദ്ധതി വിശദീകരിച്ചു. ഫാം സൂപ്രണ്ട് കെ. സുലേഖ സ്വാഗതവും അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് കെ.ബി.പ്രസാദ് കൃതജ്ഞതയും പറഞ്ഞു.