വനാതിര്‍ത്തി പങ്കിടുന്ന ബ്ലോക്ക്- ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയുംസംയുക്ത യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും ; വനംമന്ത്രി എ.കെ.ശശീന്ദ്രന്‍
വനാതിര്‍ത്തി പങ്കിടുന്ന ബ്ലോക്ക്- ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയുംസംയുക്ത യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കും ; വനംമന്ത്രി എ.കെ.ശശീന്ദ്രന്‍വനാതിര്‍ത്തി പങ്കിടുന്ന ബ്ലോക്ക്- ഗ്രാമപഞ്ചായത്തു പ്രസിഡന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്ന് വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രന്‍ .ഇടുക്കി ജില്ലാ കളക്ടറേറ്റില്‍ ജനപ്രതിനിധികളും വനം വകുപ്പ് – റവന്യു ഉദ്യോഗസ്ഥരുമായുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ ചുമതലയുള്ള മന്ത്രി, എംപി, ജില്ലയിലെ എംഎല്‍എ മാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേരേണ്ടത്.എല്ലാ മാസവും അവലോകന യോഗം സംഘടിപ്പിച്ചു റിപ്പോര്‍ട്ട് വനം -റവന്യു വകുപ്പ് മന്ത്രിമാര്‍ക്ക് സമര്‍പ്പിക്കണം. ആദ്യയോഗം അടുത്ത ആഴ്ച ചേരുന്നതിന് മന്ത്രി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്ജിന് നിര്‍ദ്ദേശം നല്‍കി . വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേയ്ക്ക് കടക്കുന്നത് തടയുന്നതിനുള്ള അതിര്‍ത്തി സുരക്ഷ വേലികള്‍ നിര്‍മിക്കാനായി എംപി – എംഎല്‍എ മാരുടേതടക്കമുള്ള ഫണ്ടുകള്‍, ത്രിതല പഞ്ചായത്ത് ഫണ്ട്, തൊഴിലുറപ്പ് സംവിധാനങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചു.ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും സംയുക്തമായി ചര്‍ച്ച ചെയ്തു എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ വനംവകുപ്പ് പ്രത്യേക ശ്രദ്ധ നല്കണം.
ഒരിക്കല്‍എടുത്ത തീരുമാനത്തില്‍ ഉദ്യോഗസ്ഥതലത്തില്‍ പുനപരിശോധനയുടെ ആവശ്യമില്ല. അത്തരം സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കും. ഒരിക്കല്‍ ജണ്ട കെട്ടി തിരിച്ച സ്ഥലത്ത് വീണ്ടും പുതിയ ജണ്ടകള്‍ സ്ഥാപിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ചില മേഖലയില്‍ വൈദ്യുതി നല്‍കാന്‍ വിമുഖത കാണിക്കുന്ന മനോഭാവം അനുവദിക്കില്ല. വനം വകുപ്പിന്റെ സ്ഥലത്തില്‍ കൂടി കടന്നു പോകുന്ന റോഡുകളുടെ വികസനത്തിന് വനം വകുപ്പ് തടസം സൃഷ്ടിക്കുന്നതായി ചര്‍ച്ചയില്‍ ഉയര്‍ന്ന ആക്ഷേപം അടിയന്തരമായി പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് മന്ത്രി ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.വൃക്ഷ സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കിയുള്ള പ്രവര്‍ത്തനം ആവശ്യമാണ്. പ്രകൃതി സംരക്ഷണത്തിനൊപ്പം വികസനോന്മുഖ പ്രവര്‍ത്തനങ്ങള്‍ക്കും അവസരമൊരുങ്ങണം.നിലവിലുള്ള റോഡുകള്‍ പുതുക്കി പണിയുന്നതിന് ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
ഒരു മാസത്തിനുള്ളില്‍ അവരവരുടെ പരിധികളില്‍ പണിയേണ്ട റോഡുകളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് ജില്ലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വനം മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി.മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഇതിനായി മറ്റു ജില്ലകളില്‍ ആരംഭിച്ച മാതൃകയില്‍ ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കും. നിലവില്‍ ഗ്രാമ പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന സമിതികള്‍ പുനസംഘടിപ്പിക്കണം. ഒരാഴ്ചക്കുള്ളില്‍ ഇവ സജീവമാക്കി സാമൂഹ്യ സംഘടനകളെയും ക്ലബ്ബുകളെയും സന്നദ്ധ പ്രവര്‍ത്തകരെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജനകീയ സമിതികളാക്കി മാറ്റണം.ജനവാസ മേഖലയില്‍ ഇറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
ഇടുക്കി ജില്ലയില്‍ ഇത്തരം നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി തോക്ക് ലൈസന്‍സ് ഉള്ളവരുടെ പാനല്‍ തയാറാക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി.ജില്ലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും പൊതുജനങ്ങളോട് മൃദുസമീപനം കൈക്കൊള്ളണം. വകുപ്പിന് പലവിധമായ അസൗകര്യങ്ങള്‍ ഉണ്ടാകാം. പൊതുജനങ്ങള്‍ വകുപ്പിന്റെ ശത്രുക്കളല്ലായെന്നും മന്ത്രി പറഞ്ഞു. നടപടി സ്വീകരിച്ച വിഷയത്തില്‍ പുനപരിശോധനയുടെ ആവശ്യമില്ലെന്ന് ചടങ്ങില്‍ സംബന്ധിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍പറഞ്ഞു . ഓരോ ജില്ലയിലെയും ഭൂമിശാസ്ത്രപരമായ കാര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് വികസനം സാധ്യമാക്കേണ്ടത്. വനത്തിനുള്ളിലൂടെ ജനവാസ മേഖലയിലേക്കുള്ള റോഡിന്റെ വികസനം സംബന്ധിച്ച കാര്യത്തില്‍ കൂട്ടായ തീരുമാനമെടുക്കണം. വന സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ പ്രാധാന്യം നല്‍കുന്ന ജില്ലയാണ് ഇടുക്കി. ഇടുക്കിയുടെ വളര്‍ച്ചക്ക് ടൂറിസത്തിന്റെ പങ്ക് വലുതാണ്.
ജില്ലയുടെ ടൂറിസം സംരംഭങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥ മനോഭാവം അനുവദിക്കില്ല. പാല്‍ക്കുളംമേട്, കുയിലിമല ,മൈക്രോ മല തുടങ്ങിയ മേഖലകളില്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ തന്നെ ടൂറിസം മെച്ചപ്പെടുത്തുന്നതിനുള്ള നടപചികള്‍ സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു.യോഗത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ വാഴൂര്‍ സോമന്‍, എ രാജ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ,ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ വികസന കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി, എഡിഎം ഷൈജു പി ജേക്കബ് , ഫോറസ്റ്റ് ചീഫ് കണ്‍സര്‍വേറ്റര്‍മാരായ പി.പി.പ്രമോദ്, ജോര്‍ജ്ജി പി.മാത്തച്ചന്‍ , മൂന്നാര്‍ ഡിഎഫ്.ഒ രാജു കെ ഫ്രാന്‍സിസ്, വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.